
പ്രമുഖ ചൈനീസ് കമ്പനിയായ വാവേ മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ആഗോള തലത്തില്‍ പുറത്തിറക്കി. ക്വാലാലംപൂരില്‍ നടന്ന ആഗോള ലോഞ്ച് ഇവന്റിലാണ് ചൈനയില്‍ അഞ്ചുമാസം മുന്‍പ് അവതരിപ്പിച്ച വാവേയുടെ മേറ്റ് എക്സ്ടി അവതരിപ്പിച്ചത്. മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരും.
ട്രൈഫോള്‍ഡ് എന്ന് വിളിക്കുമ്പോഴും ഫോണിന് മൂന്ന് മിനി പാനലുകള്‍ ഉണ്ട്. രണ്ടുതവണ മാത്രമേ മടക്കാന്‍ കഴിയൂ. 3.6 മില്ലിമീറ്റര്‍ (0.14 ഇഞ്ച്) വലിപ്പമുള്ള, ആപ്പിള്‍ ഐപാഡിന് സമാനമായ 10.2 ഇഞ്ച് സ്‌ക്രീനുള്ള, ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
'ഇപ്പോള്‍, ട്രൈഫോള്‍ഡ് ഡിസൈനില്‍ വാവേ ഒറ്റയ്ക്ക് നില്‍ക്കുന്നു' എന്നാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ ഉപകരണ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് ബ്രയാന്‍ മാ പറഞ്ഞത്. ആന്‍ഡ്രോയിഡിന് പകരം സ്വന്തം ഹാര്‍മണി ഓഎസിലാണ് വാവേയുടെ ഫോണുകള്‍ ഒരുക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ രംഗത്ത് അമേരിക്കന്‍ വിലക്ക് നിലനില്‍ക്കുന്ന വേളയില്‍ ഇത് നേട്ടമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൈനയിലെ ആദ്യത്തെ ആഗോള ടെക് ബ്രാന്‍ഡാണ് വാവേ. 2019ലാണ് വാവേയ്ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ ഘടകങ്ങളിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള വാവേയുടെ ആക്സസ് ആണ് അമേരിക്ക തടഞ്ഞത്.
Content Highlights: huaweis tri foldable phone hits global markets