രണ്ടും കല്പിച്ച് ഇലോൺ മസ്ക്: ഇനി എഐ യുദ്ധം, ‘ഗ്രോക് ത്രീ' ഇന്ന് പുറത്തിറങ്ങും

ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് കമ്പനിയായ എക്സ് എഐയാണ് ‘ഗ്രോക് ത്രീ' വികസിപ്പിച്ചത്

dot image

ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്ബോട്ടെന്ന് ടെക് ഭീമന്‍ ഇലോണ്‍ മസ്ക് അവകാശപ്പെടുന്ന ‘ഗ്രോക് ത്രീ' ഇന്ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് ഗ്രോക്കിന്‍റെ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. ഗ്രോക് ത്രീയുടെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി ലോകത്തിന്‍റെ മുന്നില്‍ അനാവരണം ചെയ്യും.

ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് കമ്പനിയായ എക്സ് എഐയാണ് ‘ഗ്രോക് ത്രീ' വികസിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എ ഐ’ എന്നാണു ഗ്രോക് ത്രീക്ക് മസ്ക് നൽകിയിട്ടുള്ള വിശേഷണം. സിന്തറ്റിക് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ഗ്രോക് ത്രീക്ക് സ്വയം തെറ്റുകളിൽ നിന്ന് പഠിക്കാനും യുക്തിപരമായ കൃത്യത ഉറപ്പ് വരുത്താനും കഴിയും.

അടുത്തിടെ ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഗ്രോക് ത്രീക്ക് ലോകത്ത് നിലവിലുള്ള എല്ലാ എ ഐ മോഡലുകളെ‍യും മറികടക്കാൻ കഴിയുമെന്ന് മസ്ക് അവകാശപ്പെട്ടിരുന്നു.

ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമുകളായ ചാറ്റ്ജിപിടിക്കും ഗൂഗിളിന്‍റെ ജെമിനിക്കും, ഗ്രോക് 3 കനത്ത വെല്ലുവിളിക്കാകുമെന്നാണ് വിലയിരുത്തല്‍. ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ ഐയുടെ സ്ഥാപകരിൽ ഒരാളാണ് ഇലോണ്‍ മസ്ക്. എന്നാൽ പിന്നീട് ഓപ്പൺ എ ഐയുടെ വലിയ വിമർശകനായി മസ്ക് മാറി. ലാഭരഹിത രീതിയിൽ വിഭാവനം ചെയ്യപ്പെട്ട കമ്പനി ലാഭക്കണ്ണുകളോടെ പ്രവർത്തിക്കുന്നെന്നായിരുന്നു മസ്കിന്റെ ആരോപണം. ജനുവരി അവസാനത്തോടെ വിപണിയിലെത്തിയ ചൈനീസ് ചാറ്റ്ബോട്ടായ ഡീപ്സീക്ക് ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു. ഗ്രോക് ത്രീ കൂടി എത്തുന്നതോടെ എ ഐ സാങ്കേതികരംഗത്ത് യുദ്ധം മുറുകുമെന്നുറപ്പ്.

dot image
To advertise here,contact us
dot image