'മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ചിപ്പ്'; മസ്‌കിന്റെ കണ്ടുപിടുത്തത്തെ കുറിച്ച് അറിയേണ്ടത്

മനുഷ്യതലച്ചോറുകളെ ക്രിത്രിമ ബുദ്ധിയുമായി ലയിപ്പിക്കുന്ന ചിപ്പ് വിപ്ലവം സൃഷ്ടിക്കുമോ?

dot image

മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബ്രയിന്‍ ഇംപ്ലാന്റ് ചിപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ന്യൂറലിങ്ക്. ഈ കണ്ടുപിടുത്തം ആളുകള്‍ ഡിജിറ്റല്‍ ഉപകരണങ്ങളുമായി ഇടപഴകുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ന്യൂറലിങ്കിന്റെ ആദ്യ മനുഷ്യ പരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്താണ് ന്യൂറലിങ്ക് വികസിപ്പിച്ചെടുത്ത ബ്രയിന്‍ ഇംപ്ലാന്റ്?

'ദി ലിങ്ക് ' എന്നാണ് ന്യൂറാലിങ്കിന്റെ ബ്രയിന്‍ ഇംപ്ലാന്റ് ചിപ്പ് അറിയപ്പെടുന്നത്. മനുഷ്യന്റെ തലച്ചോറില്‍ സ്ഥാപിക്കാന്‍ രൂപകല്‍പ്പന ചെയ്‌തെടുത്ത ഒരു നാണയത്തിന്റെ വലിപ്പത്തിലുളള ചിപ്പാണിത്. ഇതുപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും അവ ബ്ലൂടൂത്ത് കണക്ഷന്‍ വഴി ബാഹ്യ ഉപകരണങ്ങളിലേക്ക് കൈമാറാനും സാധിക്കുന്നു. അള്‍ട്രാ തിന്‍ ഇലക്ട്രോഡുകള്‍ അല്ലെങ്കില്‍ ന്യൂറല്‍ ത്രെഡുകള്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഒരു റോബോട്ടിക് സര്‍ജനാണ് ഇംപ്ലാന്റേഷന്‍ പ്രക്രീയ നടത്തുന്നത്. ഗുരുതരമായ പക്ഷാഘാതം ബാധിച്ച ആളുകള്‍ക്ക് ചലനശേഷിയും ആശയവിനിമയ ശേഷിയും വീണ്ടെടുക്കാന്‍ സഹായിക്കുക എന്നതാണ് ന്യൂറാലിങ്കിന്റെ ആദ്യത്തെ ലക്ഷ്യം.

ഗുണങ്ങള്‍ എന്തൊക്കെയാണ്?

സുഷുമ്‌ന നാഡിക്ക് പരിക്കേറ്റവരോ നാഡീസംബന്ധമായ തകരാറുള്ളവര്‍ക്കോ കേടായ നാഡീകണക്ഷനുകളെ മറികടന്ന് ഉപകരണംവഴി ചലനം വീണ്ടെടുക്കാന്‍ ഈ ചിപ്പ് സഹായിക്കുമെന്നാണ് അവകാശവാദം. ആശയവിനിമയത്തിന് ബുദ്ധിമുട്ടുള്ളതോ സംസാരവൈകല്യമോ ഉളള വ്യക്തികള്‍ക്ക് തലച്ചോറും കമ്പ്യൂട്ടറും തമ്മിലുള്ള ഇടപെടലിലൂടെ കൂടുതല്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാനും പാര്‍ക്കിന്‍സണ്‍ രോഗം, അപസ്മാരം തുടങ്ങിയ അവസ്ഥകള്‍ക്കുളള ചികിത്സയെ സഹായിക്കുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും കമ്പനി പറയുന്നു.

സുരക്ഷാ ആശങ്കകള്‍

സാധ്യതകള്‍ക്കൊപ്പം ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് ധാര്‍മികവും സുരക്ഷാപരവുമായ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സാങ്കേതികവിദ്യ ഇപ്പോഴും തുടക്ക ഘട്ടത്തിലായതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിലുണ്ടാകുന്ന ആഘാതം അജ്ഞാതമായി തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ അണുബാധ, രക്തശ്രാവം, ഇലക്ട്രോഡ് സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ അപകട സാധ്യതകള്‍ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെ തലച്ചോറില്‍ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള നേരിട്ടുള്ള കണക്ഷനുകള്‍ നിയമവിരുദ്ധ ഉപയോഗങ്ങള്‍ക്ക് കാരണമാകുമോ എന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Content Highlights : Elon Musk has developed a chip that connects the human brain to a computer

dot image
To advertise here,contact us
dot image