
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രമെഴുതാനൊരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ യാത്രികനുമായ ജോൺ മക്ഫാൾ. ഐഎസ്എസിലെ ദീർഘകാല ദൗത്യത്തിൽ പങ്കെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനാണ് ഇദ്ദേഹം. 2008ലെ പാരാലിംപ്സിൽ 100 മീറ്റർ സ്പ്രിന്റിൽ വെങ്കല മെഡൽ നേടിയ ജോൺ മക്ഫാൾ ബ്രിട്ടനിലെ മെഡിക്കൽ രംഗത്ത് കഴിവ് തെളിയിച്ച ഒരു സർജൻ കൂടിയാണ്. 2022ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്ലൈ സാധ്യതാ പഠനത്തിലേക്ക് ജോൺ മക്ഫാൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അംഗ പരിമിതരായ ആളുകളെ ബഹിരാകാശത്ത് അയക്കുന്നതിന്റെ സാധ്യതകൾ തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനം നടത്തിയത്. ഈ പഠനത്തിന് ശേഷമാണ് മക്ഫാളിനെ യുകെ ബഹിരാകാശ ഏജൻസി ബഹിരാകാശ ദൗത്യത്തിന് മുമ്പുള്ള പരിശീലനത്തിന്റെ ഭാഗമായി അടുത്ത ഘട്ടത്തിന് തയ്യാറാക്കുന്നത്. എന്നാൽ എപ്പോഴാണ് ജോൺ മക്ഫാളിനെ ഐഎസ്എസിലേക്ക് അയക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
19-ാം വയസിലാണ് ഒരു മോട്ടോർ സൈക്കിൾ അപകടത്തില്‍ ജോൺ മക്ഫാളിന് തന്റെ ഒരു കാൽ നഷ്ടപ്പെട്ടത്. ഇതിന് ശേഷം നഷ്ടപ്പെട്ട കാലിന് പകരം കൃത്രിമ കാൽ വെച്ചായിരുന്നു അദ്ദേഹം നേട്ടത്തിന്റെ പടവുകള്‍ കയറിയത്. 2008ലെ പാരാലിംപ്ക്സിൽ 100 മീറ്റർ സ്പ്രിന്റിൽ വെങ്കല മെഡൽ നേടി മക്ഫാൾ അത്ഭുതം തീർത്തു. ആതുര സേവനത്തിലും തന്റേതായ കഴിവ് തെളിയിക്കാൻ മക്ഫാളിന് സാധിച്ചിരുന്നു
ഡോക്ടർ എന്ന പദവി മാത്രമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്, ബയോമെക്കാനിക്സിലും, ഗെയ്റ്റ് അനാലിസിസിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുകെ ബഹിരാകാശ ഏജൻസിയിലെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഇടക്കാല മേധാവി ലിസ് ജോൺസ് പ്രസ്താവനയിൽ ജോണ്‍ മക്ഫാളിനെ പ്രശംസിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരാൾക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും സാങ്കേതികമായി സാധ്യമാണെന്ന് ജോണും ഇഎസ്എയിലെ സംഘവും തെളിയിച്ചത് അതിശയകരമാണ് എന്നാണ് ലിസ് ജോൺസിന്‍റെ പ്രശംസ.
Content Highlights :This is history; Paralympian John McFall will become the first disabled astronaut