
ചൊവ്വയിൽ വെള്ളമുണ്ടോ? കാലങ്ങളായി ഗവേഷകർ തിരഞ്ഞുകൊണ്ടിരുന്ന ഈ സംശയത്തില്‍ നിർണായകമായ വിവരം ലഭിച്ചിരിക്കുകയാണ്. മൂന്ന് ബില്യണ്‍ വർഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഒരു കടല്‍ തന്നെ ഈ ഗ്രഹത്തിലുണ്ടായിരുന്നിരിക്കാം എന്നാണ് വിവരം. 1970-കളില്‍ നാസ മാരിനർ 9 ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ ചൊവ്വയിലെ വെള്ളത്തിന്റെ സാന്നിധ്യത്തിന് സൂചന നല്‍കിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ രൂപപ്പെട്ട ആഘാത ഗർത്തങ്ങൾ ഇന്ന് ഉപരിതലത്തിനടിയിൽ ഐസിന്റെ സാന്നിധ്യം കാണിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. എന്നാൽ ഈ നിർണായകമായ കണ്ടെത്തൽ ഗവേഷകർക്കിടയിൽ തന്നെ കൂടുതൽ ചോദ്യങ്ങൾക്ക് വഴിവെച്ചു. പ്രധാനമായും ഉന്നയിക്കുന്ന ചോദ്യങ്ങൾ എപ്പോൾ ഈ വെള്ളം പ്രത്യക്ഷപ്പെട്ടു, എത്ര ഉണ്ടായിരുന്നു, എത്ര നേരം ആ ജലത്തിന് ആയുസ് ഉണ്ടായിരുന്നു എന്നൊക്കെയാണ്. ചൊവ്വയിലെ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്ന് സമുദ്രങ്ങൾ എപ്പോഴെങ്കിലും ഉണ്ടായിരുന്നോ എന്നാണ്. അതിനും ഗവേഷകർ ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയിലെ ഗവേഷകർ ഒരു പഠനം നടത്തി.
PNAS-ൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം നിർണായക വിവരങ്ങളാണ് നല്‍കുന്നത്. ചൈനയിലെ ഗ്വാങ്‌ഷോ സർവകലാശാലയിലെ ജിയാൻഹുയി ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ്- അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഈ പഠനത്തിൽ ഉൾപ്പെട്ടിരുന്നത്. ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ ചൊവ്വ റോവർ ഷുറോങ്ങിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പഠനം.
ഷുറോങ്ങിൽ നിന്നുള്ള ഡാറ്റ, കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു തീരപ്രദേശം ചൊവ്വയിലുണ്ടെന്നാണ് സൂചന നല്‍കിയത്. ഇവിടെ നിന്ന് ശേഖരിച്ച പാറകള്‍ അഭൂതപൂർവമായ വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നവയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. 3.6 ബില്യൺ വർഷങ്ങൾക് മുമ്പ് ചൊവ്വയുടെ പ്രതലത്തിന്റെ പകുതിയോളം സമുദ്രത്താല്‍ മൂടിയിരിക്കാം എന്നാണ് പഠനം പറയുന്നത്.
മുകളിലെ ചിത്രത്തില്‍ കാണുന്ന ഓറഞ്ച് നക്ഷത്രം (വലത്) ചൈനീസ് റോവർ ഷുറോങ്ങിന്റെ ലാൻഡിംഗ് സൈറ്റാണ്. മഞ്ഞ നക്ഷത്രം നാസയുടെ പെർസെവറൻസ് റോവറിന്റെ ലാൻഡിംഗ് സൈറ്റും. പെർസെവറൻസ് റോവർ പര്യവേക്ഷണം ചെയ്യുന്ന ഡെൽറ്റ ഏകദേശം 45 കിലോമീറ്റർ വീതിയുള്ള ജെസെറോ ഇംപാക്ട് ഗർത്തത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് ഇവിടം സമുദ്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
Content Highlights : Further evidence has emerged that water once played an important role in the planets.