
തങ്ങളുടെ ആദ്യകാല കംപ്യൂട്ടറായ ആപ്പിൾ 1 വിൽക്കാൻ ആപ്പിളിന്റെ തീരുമാനം. 'ബെയ്വില്ലെ ആപ്പിൾ 1' എന്ന് കൂടി വിളിക്കപ്പെടുന്ന ഈ കംപ്യൂട്ടറിന് മൂന്ന് ലക്ഷം ഡോളർ, അതായത് 26 കോടി വരെ ലേലത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആപ്പിൾ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന്, ആപ്പിളിന്റെ ആദ്യകാലങ്ങളിൽ നിർമിച്ചതാണ് ഈ കംപ്യൂട്ടർ. ഇപ്പോൾ ആകെ ഇതിന്റെ കുറച്ച് യൂണിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾ ലേലത്തിൽ വെച്ചിരിക്കുന്ന മെഷീൻ മികച്ച കണ്ടീഷനിൽ ഉള്ളതാണെന്നാണ് ആപ്പിൾ പറയുന്നത്.
ആപ്പിളിന്റെ പഴയ കംപ്യൂട്ടറുകളും മറ്റും ഇഷ്ടമുള്ളവർക്ക് അവ സ്വന്തമാക്കാനുള്ള അവസരം ഈ ലേലത്തിലുണ്ടാകും. ആപ്പിൾ 2 കംപ്യൂട്ടറും മറ്റും ലേലത്തിലുണ്ട്. ഇതിന് മാത്രം 30,000 ഡോളർ ലഭിക്കുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. മക്കിന്റോഷ് പോർട്ടബിൾ പ്രോട്ടോടൈപ്പ് എന്ന ആപ്പിളിന്റെ ആദ്യ 'ലാപ്ടോപ്പ്' സിസ്റ്റവും ലേലത്തിനുണ്ട്. 1989ൽ പുറത്തിറങ്ങിയ ഈ ലാപ്ടോപ്പ്, നല്ല വിലയുള്ളതായിരുന്നതിനാൽ അത്രകണ്ട് വിറ്റുപോയിരുന്നില്ല. അന്നുതന്നെ ഈ ലാപ്ടോപ്പിന്റെ വളരെ കുറവ് യൂണിറ്റുകൾ മാത്രമേ ആപ്പിൾ നിർമിച്ചിരുന്നുള്ളൂ. ലേലത്തിൽ ഇവയ്ക്ക് 50,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.
ഐപോഡ് ക്ലാസിക്, ഐമാക് G3, പവർ മാക് G4 ക്യൂബ്, പവർ മക്കിന്റോഷ് തുടങ്ങിയ നിരവധി മോഡലുകളും ലേലത്തിനുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായ ലേലങ്ങളിൽ ആപ്പിളിന്റെ പഴയ പ്രൊഡക്ടുകൾക്ക് മികച്ച വില്പനയുണ്ടായിരുന്നു. ഈ ലേലത്തിലും മികച്ച പ്രതികരണം തന്നെയാണ് പ്രതീക്ഷിക്കുന്നതും.
Content Highlights: Apple old computers and laptops for auction