
'സുപീ കളിക്കു പൈസ നേടൂ, ഇതാ ഞാന്‍ ഈ ഗെയിം കളിച്ച് ലക്ഷങ്ങള്‍ ഉണ്ടാക്കി, റമ്മി കളിച്ചാല്‍ ഒരുദിവസം പതിനായിരം രൂപ വരെ…' എന്ത് മധുരമനോഹരമായ വാഗ്ദാനങ്ങളാണല്ലേ… പക്ഷെ ചതിയാണ്. ഒരുപാട് പേരുടെ ജീവന്‍ കളഞ്ഞ, പണം പോകുന്ന ഏര്‍പ്പാടാണ്. അത്തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ കണ്ണൊന്ന് തുറന്നുപിടിച്ചാല്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്നിട്ടും ഈ ഓണ്‍ലൈന്‍ ഗാംബ്ലിങ്ങും ബെറ്റിങ്ങും തഴച്ചുവളരുക തന്നെയാണ്. ഇവയ്ക്ക് പ്രചാരം നല്‍കുന്നവരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ളവരുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ബെറ്റിങ് ആപ്പുകളെയും ഗെയിമിങ് ആപ്പുകളെയും പ്രൊമോട്ട് ചെയ്ത ചില ജനപ്രിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ നമ്മുടെ കേരള പൊലീസ് പൂട്ടിച്ചത്. ജിയാസ് ജമാല്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി. വയനാടന്‍ വ്ളോഗര്‍, മല്ലു ഫാമിലി സുജിന്‍, ഫഷ്മിന സാക്കിര്‍ തുടങ്ങിയ നിരവധി പേരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് പൂട്ടിയത്.
ആപ്പുകളില്‍ നിന്ന് പ്രൊമോഷന് വേണ്ടി വന്‍ തുക വാങ്ങുക. ശേഷം തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ ഈ ആപ്പിലൂടെ ഗെയിം കളിച്ചുണ്ടാക്കിയതാണെന്ന തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിക്കുക. ഇതാണ് രീതി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവന്‍സേഴ്സ് ഇത്തരത്തില്‍ ഗാംബ്ലിങ് ആപ്പുകളെ പ്രെമോട്ട് ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യെസ് അഭിജിത്ത് എന്ന വ്യക്തി രംഗത്ത് വന്നിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു.
നിങ്ങളൊന്ന് ആലോചിച്ചുനോക്കണം, നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന, ഇത്തരം ഇൻഫ്ലുവെന്‍സേര്‍സ് എന്ത് തരം കണ്ടന്റുകളെയാണ് പ്രൊമോട്ട് ചെയ്യുന്നതെന്ന്. ആളെ കൊല്ലിക്കുന്ന, പണം പോകുന്ന ഈ ആപ്പുകളെ എന്ത് കണ്ടിട്ടാണ്, പൊതുമധ്യത്തില്‍ തന്നെ ഇവര്‍ പ്രൊമോട്ട് ചെയ്യുന്നതെന്ന്. രാജ്യത്തെ സര്‍ക്കാരുകള്‍ പോലും പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും, പലതവണ ആപ്പുകള്‍ നിരോധിച്ചിട്ടും കൂടിയാണ് ഈ പ്രൊമോഷന്‍ എന്നതും കൂടി ഓര്‍ക്കുക.
മഹാദേവ് ബെറ്റിങ് ആപ്പ് തട്ടിപ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പായിരുന്ന മഹാദേവ് ആപ്പ് വഴി കോടികളാണ് സൗരബ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവര്‍ തട്ടിയത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബെറ്റിങ് നിരോധിച്ചിരുന്നതോടെ ദുബായില്‍ നിന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തിരഞ്ഞെടുപ്പിന്റെ പേരില്‍പോലും ഇവര്‍ ബെറ്റിംഗ് നടത്തിപ്പോന്നിരുന്നു. ഇത്തരത്തില്‍ ബെറ്റ് വെച്ച് എത്ര പേര്‍ ജയിച്ചാലും തോറ്റാലും, പണം വന്നുവീഴുക ഉടമകളുടെ പോക്കറ്റിലേക്കായിരുന്നു. ഇത്തരത്തില്‍ സെറ്റ് ചെയ്ത അല്‍ഗോരിതം ഇവരെ കോടീശ്വരന്മാരാക്കി, ഒടുവില്‍ പിടിവീണു. മഹാദേവ് ബെറ്റിങ്ങ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടപ്പെട്ടവര്‍ അനവധിയായിരുന്നു.
സെലിബ്രിറ്റികള്‍ പോലും ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ഹുമ ഖുറേഷി തുടങ്ങി അനവധി പേരെയാണ് മഹാദേവ് ആപ്പ് കേസ് സംബന്ധിച്ച് ഇഡി ചോദ്യം ചെയ്തത്. ഫെയര്‍പ്ലെ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്തതിന്റെ പേരില്‍ നടി തമന്നയെയും ഒരിക്കല്‍ ചോദ്യം ചെയ്തിരുന്നു.
ഭരണകൂടവും ഇതാദ്യമായല്ല ബെറ്റിങ് അപ്പുകള്‍ക്കെതിരെ മുന്നറിയിപ്പും നടപടിയുമായി രംഗത്തുവരുന്നത്. 2023ല്‍ 22 ആപ്പുകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്നും പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷെ ഇപ്പോഴും നമ്മുടെയൊക്കെ തന്നെ 'പിന്തുണ' കൊണ്ടാണ് തഴച്ചുവളരുന്നത്. ബെറ്റിങ് ആപ്പ് ഉപയോഗിച്ചതുവഴി 80 ലക്ഷം രൂപ കടംകയറി ഒരു കൗമാരക്കാരന്‍ മരിച്ചതടക്കമുള്ള സംഭവമുള്ളപ്പോഴാണ്, ഈ നിയമവിരുദ്ധ പ്രവൃത്തിക്ക് പരസ്യമായ പിന്തുണ എറിയേറിവരുന്നത്.
നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഏറ്റവും സങ്കടകരം. ഇത്തരം സംഭവങ്ങളെപ്പറ്റി ഒന്ന് പഠിച്ച്, വേണ്ട മുന്‍കരുതലുകള്‍ ഈ ഇൻഫ്ലുവെന്‍സേര്‍സ് എടുക്കുന്നില്ല എന്നത് പരിതാപകരമാണ്. 'ഇൻഫ്ലുവെന്‍സ്' ചെയ്യപ്പെടുക എന്നത് 'ന്യൂ നോര്‍മല്‍' ആയ ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അപ്പോള്‍പ്പോലും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്നത് എന്ത് തരം മൂല്യച്യുതിയാണെന്ന് ഇവര്‍ സ്വയം ചിന്തിക്കേണ്ടേ.
പുതിയ തലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഇന്‍സ്റ്റാഗ്രാമിനെയാണ് ബെറ്റിംഗ് ആപ്പുകള്‍ പ്രൊമോഷനായി ലക്ഷ്യം വെയ്ക്കുന്നത്. അവിടെ നിരവധി കാഴ്ചക്കാരുള്ള ഈ ഇൻഫ്ലുവെന്‍സേര്‍സ് ഇവരെയെല്ലാം തട്ടിപ്പിന് ഇട്ടുകൊടുക്കുകയാണോ വേണ്ടത്?
Content Highlights: is this how instagram influencers should do on promoting betting apps?