
ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ് ഇപ്പോളുള്ളത്. എങ്ങനെ, എപ്പോൾ വേണമെങ്കിലും ഒരാൾ ടാർഗറ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയാണ് ഉള്ളത്. ഫോണിൽ വരുന്ന പല മെസ്സേജുകളും കണ്ടാൽത്തന്നെ ആരായാലും ഇടയ്ക്ക് തട്ടിപ്പിൽ വീണുപോയെന്നിരിക്കും. പലപ്പോഴും ഈ തട്ടിപ്പിൽ പെട്ട പണം പോയാൽ പോയതുതന്നെ! ഇവ തടയാൻ അത്യാവശ്യമായി വേണ്ടത് ബോധവത്കരണം തന്നെയാണ്.
എന്നാൽ ടെക്നോളജിക്കും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒരു മെസ്സേജ് കണ്ടാൽ 'സ്‌കാം' ആണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താൻ ഇന്നത്തെ കാലത്ത് ടെക്നോളജിക്ക് കഴിയാറുണ്ട്. അത്തരത്തിലൊരു ഫീച്ചർ ഗൂഗിൾ മെസേജിലും വരികയാണ്.
ഇനിമുതൽ ഗൂഗിൾ മെസ്സേജിലൂടെയുള്ള പറ്റിപ്പുകൾ നടക്കില്ല എന്നതാണ് കാര്യം. പറ്റിപ്പെന്ന് ഗൂഗിളിന് തോന്നുന്ന നമ്പറുകളെയും മെസേജുകളെയും കുറിച്ച് ഗൂഗിൾ മെസേജസ് തന്നെ മുന്നറിയിപ്പ് നൽകും എന്നതാണ് പുതിയ ഫീച്ചർ. എഐയുടെ സഹായത്തോടെയുള്ള ഗൂഗിൾ മെസേജസിന്റെ ഈ സ്‌കാം ഡിറ്റക്ഷൻ ഫീച്ചർ എസ്എംഎസ്, എംഎംഎസ്, ആർസിഎസ് തുടങ്ങിയ മെസേജുകളിൽനിന്നുള്ള സ്കാമുകളെ കൃത്യമായി കണ്ടെത്തും.
ഇത്തരത്തിൽ സ്‌കാം എന്ന് കണ്ടെത്തിയ മെസേജുകളെപ്പറ്റി കൃത്യമായ മുന്നറിയിപ്പാണ് ഗൂഗിൾ മെസേജസ് ഇനി നൽകുക. ഇംഗ്ലീഷിലാകും മുന്നറിയിപ്പ്. ഈ ഫീച്ചർ ആദ്യം യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലാണ് പുറത്തിറക്കുക. പിന്നീട് കൂടുതൽ രാജ്യങ്ങളിൽ പുറത്തിറക്കും. സംശയാസ്പദമായ കോണ്ടാക്ടുകൾ കൃത്യമായി നിരീക്ഷിച്ച്, യൂസറിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ പ്രവർത്തനം. ആവശ്യമെങ്കിൽ ഈ ഫീച്ചർ ഓഫ് ചെയ്തിടാനും സൗകര്യമുണ്ടാകും.
സ്‌കാം ഡിറ്റക്ഷനൊപ്പം ലൈവ് ഷെയറിങ് സംവിധാനവും കൂടി ഗൂഗിൾ കൊണ്ടുവരികയാണ്. വാട്സ്ആപ്പിനെപോലെയും ആപ്പിളിന്റെ ഫൈൻഡ് 'മൈ'നെപ്പോലെയും, ഫോണിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. മാത്രമല്ല, വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകളും മറ്റും ഗൂഗിൾ പുറത്തിറക്കാനിരിക്കുകയാണ്.
Content Highlights: Google Launches Scam Detection Feature