
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരം ഉയർത്താനായി ബിഎസ്എൻഎൽ എത്തുന്നു. ജിയോയും എയർടെല്ലും വിഐയുമെല്ലാം അടക്കിവാഴുന്ന മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായാണ് ബിഎസ്എൻഎല്ലിന്റെ വരവ്.
ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ ആണ് ബിഎസ്എൻഎൽ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മറ്റ് സർവീസ് പ്രൊവൈഡർമാരെക്കാൾ രണ്ട് മാസം കൂടി അധികം നല്‍കി 14 മാസത്തേക്കാണ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. വില വെറും 2398 രൂപയും! ജിയോ പോലുള്ള സ്വകാര്യ കമ്പനികൾ 12 മാസത്തെ പ്ലാനിന് പോലും 3500 രൂപയിലധികം ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ ഇത്രയും കുറഞ്ഞ നിരക്കിൽ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അനിയന്ത്രിതമായ കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് ഓപ്‌ഷനുകൾ എന്നിവയും പ്ലാനിലുണ്ട്.
നിലവിൽ ജമ്മു കശ്മീർ മേഖലയിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്ന കാര്യം ബിഎസ്എൻഎല്ലിന്റെ പരിഗണനയിലുണ്ട്. വാര്‍ഷിക പ്ലാനുകൾക്ക് രാജ്യമെമ്പാടും സ്വീകാര്യത വർധിച്ചുവരുന്ന സമയത്ത്, ഉടൻ തന്നെ പുതിയ പ്ലാൻ രാജ്യമെമ്പാടും ബിഎസ്എന്‍എല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.
ദിവസവും 2ജിബി അതിവേഗ ഡാറ്റ നൽകുന്ന, 90 ദിവസം വാലിഡിറ്റിയുളള ഡേറ്റ പാക്കും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. വെറും 411 രൂപ മാത്രമാണ് പ്ലാനിന്റെ വില. ജിയോ പോലുള്ള സ്വകാര്യ സേവനദാതാക്കൾ 900 രൂപയ്ക്കടുത്ത് വില ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ വെറും 411 രൂപയ്ക്ക് പ്ലാൻ നൽകുന്നത്.
നീണ്ട കാലത്തിന് ശേഷം ബിഎസ്എൻഎൽ ലാഭത്തിലായത് കഴിഞ്ഞ പാദത്തിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ബിഎസ്എൻഎൽ ലാഭം കൈവരിച്ചത്. 262 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.
Content Highlights: BSNL 14 months plan at cheap rate