
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ നിത്യേനയുള്ള ആശങ്കയാണ് ബാക്കിവരുന്ന ഡാറ്റ. ഒരു ദിവസം കാര്യമായി നെറ്റ് ഉപയോഗിക്കേണ്ടിവന്നില്ലെങ്കിൽ നിരവധി ജിബി, എംബി കണക്കിന് ഡാറ്റയാണ് വെറുതെ വേസ്റ്റ് ആകുക. ഇവ ഫലപ്രദമായി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുമോ? അതും ഇല്ല. എന്നാൽ എയർടെൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളെ തേടി ആ സന്തോഷവാർത്ത ഒടുവിൽ വന്നിരിക്കുകയാണ്.
എയർടെൽ സിം ഉള്ളവർക്ക് ഇനിമുതൽ ബാക്കിവരുന്ന ഡാറ്റ വെറുതെ കളഞ്ഞുപോകുമല്ലോ എന്ന ആശങ്ക വേണ്ട. ആ ഡാറ്റ മറ്റൊരു ദിവസത്തേയ്ക്ക് 'ക്യാരി ഫോർവേഡ്' ചെയ്യാനുള്ള ഓപ്‌ഷൻ വരികയാണ്. വെറും 59 രൂപ മാത്രമുള്ള ആഡ് ഓൺ റീചാർജ് ഇതിനായി ചെയ്‌താൽ മതി.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലെ ബാക്കിവന്ന ഡാറ്റ ആണ് ഇത്തരത്തിൽ ക്യാരി ഫോർവേഡ് ചെയ്യപ്പെടുക. ഇവ ശനി, ഞായർ എന്നീ വീക്കെന്റുകളിലെ നെറ്റിലേക്ക് കൂട്ടിച്ചേർക്കപ്പെടും. തത്‌ഫലമായി ആഴ്ചാവസാനം കൂടുതല്‍ ഡാറ്റ കയ്യിലുണ്ടാകുമെന്ന് സാരം. ഇത് ഒരു ആഡ് ഓൺ പ്ലാൻ ആയതിനാൽ, ഉപഭോക്താവിന് ആക്റ്റീവ് ആയ ഒരു ബേസ് പ്ലാൻ ഉണ്ടാകണമെന്നത് നിർബന്ധമാണ്.
ഇത്തരത്തിൽ ആഡ് ചെയ്ത ഡാറ്റ കൊണ്ട് വീഡിയോ കോൾ, ഒടിടി കണ്ടന്റുകൾ തുടങ്ങിയ എല്ലാം ആക്സസ് ചെയ്യാമെന്നും എയർടെൽ അറിയിക്കുന്നുണ്ട്. ഡാറ്റ കഴിഞ്ഞാൽ സ്പീഡ് 64Kbps എന്ന നിലയിലാകും ഉണ്ടാകുക. ഈ പ്ലാൻ നിലവിൽ വന്നതോടെ, ഡാറ്റ ക്യാരി ഫോർവേഡ് സംവിധാനം നൽകുന്ന കമ്പനികളുടെ പട്ടികയിലേക്ക് എയർടെല്ലും എത്തി.
Content Highlights: Airtel to carry forward unused net from weekdays to weekends