ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുന്നുണ്ടോ? ഏകാന്തത പിടിമുറുക്കിയേക്കാം; മുന്നറിയിപ്പുമായി പഠനം

ഒരു എഐ സുഹൃത്ത് എന്ന നിലയിലല്ല ചാറ്റ് ജിപിടിയെ അവതരിപ്പിച്ചതെങ്കിലും പലരും ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നതായി പഠനത്തില്‍ കണ്ടെത്തി.

dot image

ജോലിക്കായി ഒരു മികച്ച റെസ്യൂമെ തയ്യാറാക്കാന്‍, അതല്ലെങ്കില്‍ തികച്ചും ഔദ്യോഗികമായി ഒരു മെയില്‍ അയയ്ക്കുന്നതിന് ചാറ്റ് ജിപിടി പലരും ഉപയോഗിക്കുന്നത് പലതരം ആവശ്യങ്ങള്‍ക്കാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചാറ്റ് ജിപിടി നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. ചാറ്റ് ജിപിടിയോട് തമാശയ്ക്കായി ചോദ്യങ്ങള്‍ ചോദിച്ച് പ്രതികരണം കൗതുകത്തോടെ ആസ്വദിച്ചിരുന്നവരാണ് നാം. എന്നാല്‍ ചാറ്റ് ജിപിടിയുടെ അമിത ഉപയോഗം നിങ്ങളെ ഏകാന്തതയിലേക്ക് തള്ളിവിട്ടേക്കുമെന്ന പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്.

ഒരു എഐ സുഹൃത്ത് എന്ന നിലയിലല്ല ചാറ്റ് ജിപിടിയെ അവതരിപ്പിച്ചതെങ്കിലും പലരും ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നതായി പഠനത്തില്‍ കണ്ടെത്തി. ഏകദേശം 400 മില്യണ്‍ ആളുകള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായാണ് കണക്ക്. ഇവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് വൈകാരികമായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം ഇവരെ ഏകാന്തതയിലേക്ക് തള്ളിവിട്ടതാണ് ഓപ്പണ്‍ എഐ, എംഐടി മീഡിയ ലാബ് എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചാറ്റ് ബോട്ടുമായി വൈകാരികമായി ഇടപെടുന്നവരും ്യക്തിപര വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഏകാന്തതയിലെത്തിപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത് ചാറ്റ് ബോട്ട് കാരണമാണോ അല്ലെങ്കില്‍ ഏകാകിയായ മനുഷ്യര്‍ വൈകാരിക ബന്ധത്തിനായി എഐ ടൂളിനെ ആശ്രയിക്കുന്നതാണോ എന്ന് ഉറപ്പില്ലെന്നും പഠനത്തില്‍ പറയുന്നു.

ടെക്‌സറ്റിങ്ങിനേക്കാള്‍ വോയ്‌സ് ചാറ്റാണ് വൈകാരിക ബന്ധം ഉപയോക്താക്കളിലുണ്ടാക്കുന്നത്. ഇത് തുടക്കത്തില്‍ ഏകാന്തത കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ ഉപയോഗം ഒറ്റപ്പെടലില്‍ എത്തിക്കുന്നതാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിന് ഉദാഹരണമായി നാലാഴ്ച തുടര്‍ച്ചയായി ചാറ്റ് ജിപിടി ഉപയോഗിച്ച സ്ത്രീയുടെ സാമൂഹിക ഇടപെടല്‍ അതിനുശേഷം കുറഞ്ഞതായി പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉപയോക്താവിന്റെ വൈകാരികതലം എന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചാറ്റ് ജിപിടിയോട് സന്തോഷത്തിലാണ് ഇടപെടുന്നതെങ്കില്‍ പ്രതികരണവും സന്തോഷത്തോടെയായിരിക്കും.

രണ്ടുഘട്ടമായാണ് പഠനം നടത്തിയത്. ആദ്യഘട്ടത്തില്‍ ചാറ്റ് ജിപിടിയുമായി ഉപയോക്താക്കള്‍ നടത്തിയ 40 ദശലക്ഷം വരുന്ന സംഭാഷണങ്ങള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. കൂടാതെ ചാറ്റ് ജിപിടി ഉപയോഗിക്കുന്ന 4076 പേരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. രണ്ടാംഘട്ടത്തില്‍ ആയിരത്തോളം ആളുകളെ പഠനത്തിനായി റിക്രൂട്ട് ചെയ്തു. നാലാഴ്ചയോളം ഇവരുടെ ചാറ്റ് ജിപിടിയുമായുള്ള ബന്ധം നിരീക്ഷിച്ചു. തുടര്‍ന്ന് ഏകാന്തത, ചാറ്റ് ജിപിടിയുമായി ഉണ്ടാക്കിയ വൈകാരിക ബന്ധം എന്നിവ കണ്ടെത്തുന്നതിനായി ചോദ്യങ്ങള്‍ നല്‍കി. ലഭിച്ച ഉത്തരങ്ങള്‍ അവലോകനം ചെയ്തു. ഇതില്‍ നിന്നെല്ലാം ചാറ്റ് ജിപിടിയുടെ അമിത ഉപയോഗം ഏകാന്തത, ആശ്രയത്വം, സാമൂഹിക ഇടപെടലുകള്‍ നിന്ന് അകന്നുനില്‍ക്കുക എന്നിവയിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഇത്തരം എഐ നിര്‍മിത ചാറ്റ് ബോട്ടുകള്‍ ഉണ്ടാക്കാനിടയുള്ള വൈകാരിക-സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗൗരവമായി പഠനം നടത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Content Highlights: Heavy ChatGPT users tend to be more lonely

dot image
To advertise here,contact us
dot image