
ഡിജിറ്റല്‍ ലോകത്ത് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തന്നെയാണ്. വാട്സ്ആപ്പ് വഴിയുളള തട്ടിപ്പാണ് അതിലേറെയും. ഇന്ത്യയില്‍ വാട്സ്ആപ്പിന് 400 മില്ല്യണിലധികം ഉപയോക്താക്കളുണ്ട്. അതുകൊണ്ടുതന്ന ഹാക്കര്‍മാര്‍ തങ്ങളുടെ 'പണി' നടത്താന്‍ തെരഞ്ഞെടുക്കുന്നതും ഇന്ത്യ തന്നെ. ഉപയോക്താക്കള്‍ക്ക് ഒരു സംശയവും തോന്നാത്ത തരത്തിലാണ് ഹാക്കര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പറ്റിക്കപ്പെട്ടുവെന്ന് മനസിലാകുമ്പോഴേക്കും നാം തട്ടിപ്പിനിരയായിക്കഴിഞ്ഞിട്ടുണ്ടാവും. ഡിജിറ്റല്‍ അറസ്റ്റിന് പിന്നാലെ വാട്ട്സാപ്പ് ഒടിപി തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇത്തരം സംഘങ്ങള്‍. ഒടിപി അഥവാ വണ്‍ ടൈം പാസ്വേര്‍ഡ് സാധാരണ നമ്മള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നവയാണ്. അതുവഴി എങ്ങനെയാണ് തട്ടിപ്പ് നടക്കുകയെന്ന് നോക്കാം.
സാധാരണയായി നമ്മള്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നമ്മുടെ ഐഡന്റിറ്റി വെരിഫിക്കേഷനായി വാട്സ്ആപ്പ് എസ്എംഎസ് അയക്കുക പതിവാണ്. ഹാക്കര്‍മാര്‍ നമ്മുടെ അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പേരിലാകും നമുക്ക് മെസേജ് അയക്കുക. ഇതുവഴി ഇരയുടെ വിശ്വാസം നേടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. അബദ്ധത്തില്‍ നമ്പര്‍ മാറി ഒടിപി വന്നതാണെന്നും അതൊന്ന് വാട്സ്ആപ്പില്‍ അയക്കുമോ എന്നും ചോദിക്കും. ഒടിപി അവര്‍ക്ക് അയച്ചുകൊടുക്കുന്നതോടെ നിങ്ങളുടെ വാട്സ്ആപ്പ് അവരുടെ കൈവശമാകും. സ്ട്രോങ് എന്‍ക്രിപ്ഷന്‍ ഉളളതുകൊണ്ടുതന്നെ ആരാണ് വാട്സ്ആപ്പ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കില്ല.
അക്കൗണ്ട് ഹാക്ക് ചെയ്തുകഴിഞ്ഞാല്‍ ഹാക്കര്‍മാര്‍ നിങ്ങളോട് പണം ആവശ്യപ്പെടും. അല്ലെങ്കില്‍ നിങ്ങളുടെ പേഴ്സണല്‍ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുളള ഏക വഴി ആര് ചോദിച്ചാലും ഒടിപി പങ്കുവയ്ക്കാതിരിക്കുക എന്നതു തന്നെയാണ്. തട്ടിപ്പുകളില്‍ തട്ടി വീഴാതിരിക്കാന്‍ വാട്സ്ആപ്പും ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ വാട്സ്ആപ്പ് നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ അയക്കും. ആര്‍ക്കും ഒടിപി ഷെയര്‍ ചെയ്യരുത് എന്നാണ് വാട്സ്ആപ്പും പറയുന്നത്. വാട്സ്ആപ്പ് ഒടിപി തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുളള വഴി ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുക എന്നതുമാത്രമാണ്.
Content Highlights:WhatsApp OTP Scams Are Dangerous