
ചാറ്റ് ജിപിടി 4oയുടെ ജിബിലി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ജാപ്പനീസ് ആനിമേറ്റര്‍ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (ഏവശയഹശ) സ്‌റ്റൈലില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാനാവുന്ന ഈ അപ്ഡേറ്റ് നിരവധി ഉപയോക്താക്കളെ ആകര്‍ഷിച്ചിരിക്കുകയാണ്. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമയിലെ രാജ്-സിമ്രന്‍ ട്രെയിന്‍ ക്ലൈമാക്‌സ് സീനും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതും ബാഹുബലിയും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ജിബിലി സ്‌റ്റൈലില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
എന്നാല്‍ ഉപയോക്താക്കളുടെ ജിബിലി ഭ്രമം തങ്ങളുടെ ജിപിയുവിന് (ഗ്രാഫിക് പ്രൊസസിംഗ് യൂണിറ്റ്) പണി തന്നിരിക്കുകയാണ് എന്ന് പറയുകയാണ് ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍. ആളുകള്‍ ചാറ്റ്ജിപിടിയിലെ ജിബിലി ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങളുണ്ടാക്കുന്നതില്‍ സന്തോഷമുണ്ട് എന്നാല്‍ തങ്ങളുടെ ജിപിയു അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 'ജിബിലി ഇമേജ് ജനറേഷന്‍ ഫീച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. അധികനാള്‍ ഈ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കാത്തവര്‍ക്കും പ്രതിദിനം 3 ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യാനാകും'- സാം ആള്‍ട്ട്മാന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നിരവധി ഇമേജ് ജനറേഷന്‍ ഫീച്ചറുകളോട് കൂടി ചാറ്റ് ജിപിടി യൂസേഴ്സിനു വേണ്ടി അവതരിപ്പിച്ച ഇമേജ് എഡിറ്റിംഗ് ടൂളാണ് ജിബിലി എഐ. ജിബിലിയില്‍ പോര്‍ട്രെയിറ്റുകള്‍, ലാന്‍ഡ്സ്‌കേപ്പുകള്‍, ഫാന്റസി ചിത്രങ്ങളെല്ലാം ക്രിയേറ്റ് ചെയ്യാനാകും. ജിബിലി എഐ ചിത്രങ്ങള്‍ വെറുതെ എഡിറ്റുചെയ്ത് തരിക മാത്രമല്ല, അതിനൊരു നൊസ്റ്റാള്‍ജിക് ഫീലും തരുന്നുണ്ട്. അതുതന്നെയാണ് ജിബിലിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നുവേണമെങ്കില്‍ പറയാം.
1985-ല്‍ ഇസാവോ തകഹട്ട, ഹയാവോ മിയസാകി, തോഷിയോ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റുഡിയോ ജിബിലി സ്ഥാപിച്ചത്. ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ അനിമേഷന്‍ സ്റ്റുഡിയോകളില്‍ ഒന്നാണ് സ്റ്റുഡിയോ ജിബിലി. സ്പിരിട്ടഡ് എവേ, ഹൗള്‍സ് മൂവിംഗ് കാസില്‍, മൈ നെയ്ബര്‍ ടൊട്ടോറോ തുടങ്ങിയ നിരവധി മാസ്റ്റര്‍പീസുകള്‍ ജിബിലി വഴിയാണ് ക്രിയേറ്റ് ചെയ്തത്. ചാറ്റ് ജിപിടി പ്ലസ് ആക്സസ് ഉളളവര്‍ക്കു മാത്രമേ DALL-E വഴി ജിബിലി ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയുളളു. പ്രീമിയം ഉപയോക്താക്കള്‍ക്കും ജിബിലി ഫീച്ചര്‍ ലഭിക്കും. സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്കും നിയന്ത്രണങ്ങളോടെ ജിബിലി ഉപയോഗിക്കാനാകും.
Content Highlights:Ghibli Craze Overwhelms ChatGPT As Sam Altman Announces Image Generation Limits