
ഐഫോണിൽ വാട്ട്സ്ആപ്പ് ഉള്ളവർക്ക് ഒരു സന്തോഷവാർത്ത. ഇനിമുതൽ ഐഫോണിൽ നിങ്ങൾക്ക് ഡിഫോൾട്ട് കോളിംഗ്, മെസേജിങ് ആപ്പ് ആയി വാട്ട്സ്ആപ്പ് ലഭിക്കും. ഫോണിൽ സാധാരണയായി ഉള്ള കോൾ, മെസേജിങ് ആപ്പുകളെ പിന്തള്ളിയാണ് വാട്ട്സ്ആപ്പ് വരുന്നത്. തങ്ങളുടെ പുതിയ അപ്‌ഡേറ്റിലാണ് വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്‌ഡേഷന് ശേഷം സെറ്റിങ്സിൽ പോയി, ആപ്പ്സ് എടുത്ത ശേഷം ഡിഫോൾട്ട് ആപ്പ്സ് എടുക്കുക. തുടർന്ന് കോൾ, മെസ്സേജിങ് ഓപ്‌ഷനായി വാട്ട്സ്ആപ്പ് തിരഞ്ഞെടുക്കുക. തുടർന്ന് കോളുകൾക്കോ മെസേജിങിനോ ഐഫോണിനെ ആശ്രയിക്കുമ്പോൾ വാട്ട്സ്ആപ്പ് ആകും ആദ്യം വരിക.
എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഇപ്പോൾ ലഭിക്കും. വാട്ട്സ്ആപ്പിനെ സ്ഥിരം ആശയവിനിമയ മാർഗമായി മാറ്റാനാണ് ഇങ്ങനെയൊരു ഫീച്ചർ കൊണ്ടുവന്നത്. ആദ്യഘട്ടങ്ങളിൽ യൂറോപ്യൻ യൂണിയനിൽ മാത്രമായിരുന്നു ഈ ഫീച്ചർ ഉണ്ടായിരുന്നത്. ഇപ്പോൾ ലോകമെങ്ങുമുള്ള ഐഫോണുകളിൽ ലഭ്യമാണ്.
അതേസമയം, മറ്റ് പല കാരണങ്ങൾ കൊണ്ടും ആപ്പിൾ പ്രേമികൾക്ക് ആഘോഷിക്കാനുള്ള വർഷമാണ് 2025. ആപ്പിളിന്റെ പുതിയ 15 പ്രോഡക്ടുകൾ ഈ വർഷം ഇറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഒഎസ് 19 അടക്കമുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പമാണ് പുതിയ പ്രൊഡക്ടുകൾ ആപ്പിൾ വിപണിയിൽ എത്തിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ വർഷം ഇതിനോടകം അഞ്ച് പുതിയ പ്രൊഡക്ടുകൾ ആപ്പിൾ വിപണിയിൽ എത്തിച്ചിരുന്നു.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, എന്നിവയാണ് ഫോണുകളിൽ പ്രധാനമായി വിപണിയിൽ എത്തുക. ഇതിന് പുറമെ എം5 മാക് ബുക്കും എം5 ഐപാഡും കമ്പനി പുറത്തിറക്കും. എം5 മാക്ബുക്ക് പ്രോ, എം5ഐപാഡ് പ്രോ എന്നിവയാണ് പുറത്തിറക്കുന്ന വേരിയന്റ്.
പുതിയ H3 പ്രോസസർ ഉള്ള എയർപോഡ്‌സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11 ആപ്പിൾ വാച്ച് SE 3, എന്നിവയും ഈ വർഷം പുറത്തിറക്കും. ഹോംഒഎസ് പ്രവർത്തിപ്പിക്കുന്ന സ്മാർട്ട് ഹോം കമാൻഡ് സെന്റർ ആയ ഹോംപാഡ്, ആപ്പിൾ ടിവി 4K, ഹോംപോഡ് മിനി 2 എന്നിവയും ആപ്പിൾ 2025 ൽ പുറത്തിറക്കും.
ഇവകൂടാതെ എയർടാഗ് 2,സ്റ്റുഡിയോ ഡിസ്‌പ്ലേ 2 എന്നിവയും ആപ്പിൾ ഈ വർഷം ഇറക്കിയേക്കും, വിഷൻ പ്രോ, പ്രോ ഡിസ്‌പ്ലേ XDR എന്നിവയും ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Whatsapp rolling out new feature in Iphone