
ഐഫോണിനെക്കുറിച്ചുള്ള റൂമറുകൾ ഇല്ലാത്ത ദിവസങ്ങളുണ്ടാകില്ല. ഒരു പുതിയ ഐഫോൺ ഇറങ്ങുമ്പോൾത്തന്നെ അടുത്തതിനെക്കുറിച്ചുള്ള റൂമറുകൾ പരന്നുതുടങ്ങും. ഡിസൈൻ, ലുക്ക്, ഫീച്ചറുകൾ, അങ്ങനെ എല്ലാത്തിനെക്കുറിച്ചും അഭ്യൂഹങ്ങൾ ഉണ്ടാകും. ഇതിൽ ചിലതെല്ലാം സത്യമാകാം, പലതും നുണയുമാകാം.
ഇപ്പോൾ ഐഫോൺ 17നെക്കുറിച്ച് വിശ്വസനീയമായ ഒരു അപ്‌ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. പുതിയ ഐഫോണിന് ഏറ്റവും മികച്ച ഡിസ്പ്ളേയാകും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. സാംസങിന്റെ അത്യാധുനിക ഒഎൽഇഡി സ്‌ക്രീനുകളായിരിക്കും പുതിയ ഐഫോണിനുണ്ടാകുക. ഇതോടെ ഐഫോൺ പ്രൊ, പ്രൊ മാക്സ് എന്നീ മോഡലുകൾക്ക് മാത്രം നൽകിയിരുന്ന 'ഡിസ്പ്ലേ പ്രിവിലേജ്' അവസാനിക്കും.
സാംസങിന്റെ മുൻനിര എം14 എൽഇഡി ഡിസ്പ്ലേ തന്നെ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. മികച്ച ബ്രൈറ്റ്നെസ്സ് സമ്മാനിക്കുന്ന സ്‌ക്രീനുകളാണ് ഇവ.
ഈ വർഷം സെപ്റ്റംബറോടെയാണ് ഐഫോൺ 17 പുറത്തിറങ്ങുക. പുതിയ ഐഫോൺ കാണാൻ എങ്ങനെയുണ്ടാകും എന്ന ചർച്ചകളും തകൃതിയാണ്. ഐഫോൺ 17ന്റേതെന്ന് അവകാശപ്പെടുന്ന കുറച്ച് ഡമ്മി യൂണിറ്റുകളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐഫോൺ 16നേക്കാളും വലിയ ക്യാമറ മൊഡ്യൂളുകൾ 17നുണ്ടെന്നും ഗ്ലാസും അലുമിനിയവും കൊണ്ട് നിർമിച്ച പാനലും ഫോണിലുണ്ടെന്നും പറയപ്പെടുന്നു. പിൻ ക്യാമറ ഐലന്റുകളും ഐഫോൺ 17-നുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ഐഫോൺ 17,17 പ്രൊ എന്നിവയ്ക്ക് 6.3 ഇഞ്ചിന്റെ ഡിസ്പ്ളേയാകും ഉണ്ടാകുക. ഐഫോൺ എയർ, പ്രൊ മാക്സ് എന്നിവ പിൻഗാമിയെക്കാൾ വലുതായിരിക്കുമെന്നും വിവരങ്ങളുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങൾ അല്ലാതെ 16നേക്കാളും കാര്യമായ മറ്റ് മാറ്റങ്ങളൊന്നും 17ൽ ഉണ്ടാകില്ല എന്ന് തന്നെയാണ് കരുതേണ്ടത്.
ചാർജിങ് പോർട്ട് ഇല്ലാതെയും ഫിസിക്കൽ സിം പോർട്ടുകൾ ഇല്ലാതെയുമായിരിക്കും ഐഫോൺ 17 പുറത്തിറങ്ങുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഡിസൈൻ കൂടുതൽ തിന്നാക്കിയും ഫോൺ രൂപം മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ 2021ൽ ചാർജിങ് പോർട്ട് രഹിത ഐഫോണുകൾ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായിരുന്നില്ല. പുതിയ ഐഫോണിന് മാഗ്സേഫ് ചാർജിങ് ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Iphone to have samsung display