AI-യെ സൂക്ഷിക്കണോ? വരാന്‍ പോകുന്നത് വലിയ മാറ്റമെന്ന് പ്രവചനം, 'മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാം'

കുറച്ച് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച പ്രവചനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

dot image

സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് നിര്‍മ്മിത ബുദ്ധി(Artificial Intelligence-AI)യുടെ കണ്ടുപിടുത്തം തുടക്കമിട്ടത്. നിരവധി കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ എഐയുടെ സഹായം പ്രയോജനപ്പെടുത്തുന്നത്. ഇമേജ് എഡിറ്ററായും ചാറ്റ് ബോട്ടുകളുമായൊക്കെ നമ്മുടെ നിത്യജീവിതത്തില്‍ പോലും ഇവ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച പ്രവചനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്(AGI) എന്നറിയപ്പെടുന്ന ഹ്യൂമണ്‍-ലെവല്‍ എഐ 2030-ഓടെ എത്തുമെന്നാണ് ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ പുതിയ ഗവേഷണ പ്രബന്ധം പ്രവചിക്കുന്നത്. ഇതിന് മനുഷ്യരാശിയെ തന്നെ നശിപ്പിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ടാകാനിടയുള്ള എജിഐയുടെ ആഘാതം കണക്കിലെടുക്കുമ്പോള്‍, ഗുരുതരമായ ദോഷത്തിന് സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്ന് പഠനം പറയുന്നു.

ഡീപ് മൈന്‍ഡ് സഹസ്ഥാപകനായ ഷെയ്ന്‍ ലെഗ് സഹ-രചയിതാവായ പ്രബന്ധത്തില്‍, AGI എങ്ങനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. പകരം, AGI യുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് AI കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

AI-യുടെ അപകടസാധ്യതകളെ നാലായി പഠനം വേര്‍തിരിക്കുന്നുണ്ട്. ദുരുപയോഗം, തെറ്റായക്രമീകരണം, പിശകുപറ്റുക, ഘടനാപരമായ അപകടസാധ്യതകള്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ എഐ ഉപയോഗിക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.

ബുദ്ധിമാനായ അല്ലെങ്കില്‍ മനുഷ്യരേക്കാള്‍ ബുദ്ധിമാനായ AGI അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ്മൈന്‍ഡ് സിഇഒ ഡെമിസ് ഹസാബിസ് പറഞ്ഞത്. യുഎന്‍ പോലുള്ള സംഘടനകള്‍ AGIയുടെ മാറ്റങ്ങളിലും വികാസങ്ങളിലും മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്താണ് AGI?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരുപടികൂടി കടന്നുള്ള സാങ്കേതികവിദ്യയെന്ന് ഇതിനെ വിശേഷിപ്പിക്കാം. എഐ എന്നത് ടാസ്‌ക്-സ്‌പെസിഫിക് അതായത്, വ്യക്തമായി നിര്‍വചിക്കപ്പെട്ടതും നിയോഗിക്കപ്പെട്ടതുമായ ജോലികളാണ് ചെയ്യുന്നതെങ്കില്‍ എജിഐ തികച്ചും വ്യത്യസ്തമായിരിക്കും. മനുഷ്യബുദ്ധി പോലെ തന്നെ, വൈവിധ്യമാര്‍ന്ന ജോലികളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ബുദ്ധിശക്തി കൈവരിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു. ഒരു മനുഷ്യനെ പോലെ തന്നെ വൈവിധ്യമാര്‍ന്ന മേഖലകളിലെ അറിവുകള്‍ സമ്പാദിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും ഇതേകുറിച്ച് പഠിക്കാനും ഈ വിവരങ്ങള്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിവുള്ള യന്ത്രമായിരിക്കും AGI.

Content Highlights: AI Could Achieve Human-Like Intelligence By 2030 And 'Destroy Mankind', Google Predicts

dot image
To advertise here,contact us
dot image