
പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് സൗത്ത് കൊറിയന്‍ എയര്‍ലൈനായ എയര്‍ ബുസാനില്‍ തീപിടുത്തമുണ്ടായത് ജനുവരിയിലാണ്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ എയര്‍ലൈനുകളില്‍ പവര്‍ ബാങ്ക് അനുവദിക്കുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ഉടലെടുത്തത്. എയര്‍ ബുസാന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ എയര്‍ലൈനുകള്‍ പവര്‍ബാങ്കിന് വിമാനയാത്രയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
നിലവില്‍ ഇന്ത്യന്‍ എയര്‍ലൈനുകളില്‍ പവര്‍ബാങ്ക് യാത്രയില്‍ കൂടെ കരുതുന്നതിന് നിരോധനമില്ല. 100Wh പവര്‍ബാങ്കുകള്‍ പ്രത്യേക അനുമതിയില്ലാതെ യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകുന്നതിനായി സാധിക്കും. 100Wh-160Whനും ഇടയിലുള്ളവ കൊണ്ടുപോകുന്നതിനായി അനുമതി തേടേണ്ടതുണ്ട്. 160 Wh ന് മുകളില്‍ ഉള്ളവയ്ക്ക് അനുമതിയില്ല. ചെക്ക് ഇന്‍ ബഗേജുകളില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് അനുമതിയില്ല. അതുപോലെ പ്രാദേശികമായി നിര്‍മിച്ച പവര്‍ ബാങ്കുകള്‍ക്ക് ചില എയര്‍ലൈനുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈനുകളിലും ബാറ്ററിയുടെ ശേഷിയില്‍ നിയന്ത്രണമുണ്ട്. തായ് എയര്‍ലൈന്‍ പവര്‍ബാങ്ക് കൂടെ കരുതാന്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും യാത്രക്കിടയില്‍ ഇവ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നില്ല.
ഏഷ്യന്‍ എയര്‍ലൈനുകളായ എയര്‍ഏഷ്യ, ഈവ എയര്‍, ചൈന എയര്‍ലൈന്‍സ് എന്നിവ പവര്‍ബാങ്കിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങള്‍ക്കെല്ലാം കാരണമായ എയര്‍ബുസാനില്‍ പവര്‍ബാങ്ക് കൊണ്ടുപോകാനായി സാധിക്കും. എന്നാല്‍ ഇവ വിമാനത്തിന്റെ വശങ്ങളിലുള്ള ലഗേജ് സ്‌റ്റോറേജില്‍ സൂക്ഷിക്കാനാകില്ല. കൈയില്‍ തന്നെ സൂക്ഷിക്കണം.
മൊബൈല്‍ ഫോണില്ലെങ്കില്‍ കാര്യങ്ങളൊന്നും നടക്കാത്ത കാലമാണ്. അതുകൊണ്ടുതന്നെ ചാര്‍ജ് തീരുമ്പോള്‍ റീചാര്‍ജ് ചെയ്യുന്നതിനായി പവര്‍ബാങ്ക് കൂടെ കരുതാതിരിക്കാനുമാവില്ല. റീചാര്‍ജ് ചെയ്യുന്നതിന് സഹായിക്കുന്ന ലിഥിയം അയോണ്‍ അല്ലെങ്കില്‍ ലിഥിയം പോളിമര്‍ ബാറ്ററികളാണ് പവര്‍ ബാങ്ക്. പൊതുവെ സുരക്ഷിതമായാണ് കരുതുന്നതെങ്കിലും ചില ബാറ്ററികള്‍ പൊടുന്നനെ ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ വിമാന യാത്രയിലും അല്ലാതെയും പവര്‍ ബാങ്ക് ഉപയോഗിക്കുമ്പോള്‍ ചില കരുതലുകള്‍ നല്ലതാണ്.
ശ്രദ്ധിക്കാം
പവര്‍ ബാങ്കുകള്‍ വാങ്ങുമ്പോള്‍ തന്നെ അവയുടെ സുരക്ഷാ ഫീച്ചറുകള്‍ വ്യക്തമായി മനസിലാക്കിയിരിക്കണം. ഓവര്‍ ചാര്‍ജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഓവര്‍ ഹീറ്റ് പ്രൊട്ടക്ഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം.
പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച സുരക്ഷാ നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കണം. ചെയ്യാന്‍ പാടില്ലെന്ന് കമ്പനി നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.
ഏറ്റവും മികച്ച ഉല്പന്നം വാങ്ങുകയാണ് ഏറ്റവും സുരക്ഷിതം. വിലകുറവിന് ലഭിക്കുന്നുവെന്ന് കരുതി ഗുണനിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കരുത്. ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാം.
ചില പവര്‍ബാങ്കുകള്‍ അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടാകും. ഏതെങ്കിലും എയര്‍ലൈന്‍ അംഗീകാരം നല്‍കിയതാണെന്ന മട്ടിലായിരിക്കും അവയില്‍ പലതും. അത്തരം തട്ടിപ്പുകള്‍ വിശ്വസിക്കരുത്.
ചാര്‍ജ് ചെയ്യാനിടുമ്പോള്‍ കൃത്യമായ സമയത്ത് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പവര്‍ ബാങ്ക് അമിതമായി ചൂടായി പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം. ഉല്പാദകരുടെ നിര്‍ദേശങ്ങള്‍ ഇവിടെ കൃത്യമായി പാലിക്കുക.
കോയിന്‍, പേപ്പര്‍ ക്ലിപ്പ്, കീ എന്നിവയുമായി പവര്‍ ബാങ്കുകള്‍ക്ക് സമ്പര്‍ക്കമില്ലാത്തതാണ് നല്ലത്. ചൂടുള്ള പ്രതലത്തില്‍ പവര്‍ബാങ്കുകള്‍ സൂക്ഷിക്കരുത്. പൊടിയുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തിലും ഇവ സൂക്ഷിക്കരുത്. വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് കാറില്‍ പവര്‍ബാങ്ക് സൂക്ഷിക്കരുത്.
Content Highlights: Power Banks Are Now Being Completely Banned From Charging On Flights