
വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഇനി സിം കാര്‍ഡുകള്‍ പത്ത് മിനിറ്റില്‍ കയ്യിലെത്തും. ക്വിക് കൊമേഴ്‌സ് സേവനമായ ബ്ലിങ്കിറ്റുമായി ചേര്‍ന്നാണ് എയര്‍ടെല്‍ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. നിസാരമായ കണ്‍വീനിയന്‍സ് ഫീസ് അടച്ച് എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സിം കാര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്യാമെന്നാണ് കമ്പനി ചൊവ്വാഴ്ച പദ്ധതിയുടെ പ്രഖാപനത്തിനിടെ അറിയിച്ചത്. മറ്റൊരു സേവന ദാതാവില്‍ നിന്ന് എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്കിലേക്ക് സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ടെലികോം ഓപ്പറേറ്റര്‍ വ്യക്തമാക്കുന്നുണ്ട്.
ബ്ലിങ്കിറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സിം കാര്‍ഡുകള്‍ പത്ത് മിനിറ്റില്‍ നിങ്ങളുടെ കയ്യിലെത്തും. KYC പരിശോധന ഉള്‍പ്പടെയുള്ള ആക്ടിവേഷന്‍ പ്രക്രിയയിലൂടെ ഈ സിം സജീവമാക്കാനാകും. ഉപഭോക്താക്കള്‍ക്ക് സ്വയം KYC ഒതന്‍ഡിക്കേഷന്‍ നടത്താനാകുമെന്നും ഇതിന് മറ്റ് രേഖകളുടെയൊന്നും ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കി. 49 രൂപയാണ് കണ്‍വീനിയന്‍സ് ഫീസായി ഈടാക്കുക.
തടസ്സരഹിതമായ പ്രവര്‍ത്തനത്തിന് സിം ലഭിച്ച് 15 ദിവസത്തിനകം തന്നെ ആക്ടിവേറ്റാക്കണമെന്നും എയര്‍ടെല്‍ അറിയിച്ചു. എളുപ്പത്തില്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി സിം സജീവമാക്കാന്‍ എയര്‍ടെല്‍ സൗകര്യമൊരുക്കുമ്പോള്‍, ബ്രിങ്കില്‍ അതിന്റെ വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കുന്നുവെന്ന് ബ്ലിങ്കിറ്റ് സ്ഥാപകനും സിഇഒയുമായ അല്‍ബിന്ദര്‍ ദിന്‍ഡ്‌സ പറഞ്ഞു.
സിം ലഭിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് ആക്ടിവേഷന്‍ പ്രക്രികയയെന്നും വ്യക്തമാക്കുന്ന വീഡിയോയും എയര്‍ടെല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് സാധിക്കാത്തവര്‍ക്ക് എയര്‍ടെല്‍ താങ്ക്‌സ് ആപിലൂടെ ഹെല്‍പ് സെന്ററുമായി ബന്ധപ്പെട്ടും ആക്ടിവേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. സംശയങ്ങളുള്ളവര്‍ക്ക് 9810012345 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.
പ്രാരംഭ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 16 നഗരങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. നിലവില്‍ ഡല്‍ഹി, ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപത്, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ഭോപ്പാല്‍, ഇന്‍ഡോര്‍, ബെംഗളൂരു, മുംബൈ, പൂനെ, ലഖ്നൗ, ജയ്പൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സേവനം ലഭ്യമാണ്.
Content Highlights: Airtel Partners With Blinkit for 10-Minute Home Delivery of SIM Cards in Select Indian Cities