'ഇതിൽ ലൈറ്റ് കത്തും'; ഒടുവിൽ കാൾ പെയെ കൊണ്ടും മലയാളം പറയിപ്പിച്ചു, വൈറലായി ഷസാമിന്റെ വീഡിയോ

നത്തിങ് ഫോണിനെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ ഷസാം ട്രോൾ ഡയലോഗ് ആയി പറയാറുള്ള 'ഇതിൽ ലൈറ്റ് കത്തും' എന്ന ഡയലോഗ് ആണ് കാൾ പെയ് പറയുന്നത്

dot image

ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്തയാണ് നത്തിങ് ഫോണിന്റെ സബ്ബ് ബ്രാൻഡ് ആയ സിഎംഎഫ് തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ CMF ഫോൺ 1 ന്റെ അടുത്ത പിൻഗാമിയായ CMF ഫോൺ 2 പ്രോയാണ് ഇന്നലെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കമ്പനിയുടെ സിഇഒ ആയ കാൾപെയ് തന്നെയാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ടെക് മാധ്യമങ്ങളും ടെക് കോൺടെന്റ് ക്രിയേറ്റേഴ്‌സും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിന് ഇടയിൽ വെച്ച് ഷസാം എന്നറിയപ്പെടുന്ന മലയാളിയായ ടെക് കോൺടെന്റ് ക്രിയേറ്റർ ഷാസ് മുഹമ്മദ് കാൾ പെയ്‌യെ കൊണ്ട് മലയാളം പറയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നത്തിങ് ഫോണിനെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ ഷസാം ട്രോൾ ഡയലോഗ് ആയി പറയാറുള്ള 'ഇതിൽ ലൈറ്റ് കത്തും' എന്ന ഡയലോഗ് ആണ് കാൾ പെയ് പറയുന്നത്.

ചില സ്വപ്‌നങ്ങൾ സംഭവിക്കാൻ വേണ്ടിയുള്ളതാണെന്നും എക്കാലത്തെയും മികച്ച ദിവസങ്ങളിൽ ഒന്നായിരുന്നു ഇതെന്നും ഷസാം പറഞ്ഞു. മലയാളം ഡയലോഗ് പറയാൻ കാൾ പെയ്‌യോട് ആവശ്യപ്പെട്ടപ്പോൾ എന്താണ് ഈ വാചകത്തിന്റെ അർത്ഥമെന്ന് കാൾ പെയ് ചോദിച്ചെന്നും തുടർന്ന് കേരളത്തിൽ ആരെങ്കിലും ഒരു നത്തിംഗ് പ്രോഡക്റ്റ് വാങ്ങുമ്പോൾ, ഇത്തരത്തിൽ പറയുമെന്ന് താൻ മറുപടി പറഞ്ഞെന്നും ഷസാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കിടിലൻ ഫീച്ചറുകളുമായിട്ടാണ് സിഎംഎഫ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്സെറ്റാണ് ഫോൺ 2 പ്രോയ്ക്ക് നൽകിയിരിക്കുന്നത്, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയും ഫോണിനുണ്ട്. വയർഡ്, റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CMF ഫോൺ 2 പ്രോയ്ക്ക് 18,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 20,999 രൂപയ്ക്കും ലഭ്യമാണ്. ബ്ലാക്ക്, ലൈറ്റ് ഗ്രീൻ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും. മെയ് 5 മുതൽ ഫ്‌ലിപ്പ്കാർട്ട്, CMF ഇന്ത്യ വെബ്സൈറ്റ്, വിവിധ റീട്ടെയിൽ ഷോപ്പുകൾ എന്നിവയിൽ നിന്ന് ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ആൻഡ്രോയിഡ് 15 നെ അടിസ്ഥാനമാക്കിയുള്ള Nothing OS 3.2 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. f/1.88 അപ്പേർച്ചറും EIS ഉം ഉള്ള 50-മെഗാപിക്‌സൽ മെയിൻ സെൻസർ, f/1.88 അപ്പേർച്ചറുള്ള 50-മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്, f/2.2 അപ്പേർച്ചറും 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 8-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയാണിത്. മുൻവശത്ത്, f/2.45 അപ്പേർച്ചറുള്ള 16-മെഗാപിക്‌സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 6, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന് നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ 47 മണിക്കൂർ വരെ കോളിംഗ് സമയവും ഏകദേശം 22 മണിക്കൂർ YouTube സ്ട്രീമിംഗും ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ ചാർജിംഗ് അഡാപ്റ്ററും ഒരു പ്രൊട്ടക്റ്റീവ് കേസും ഫോൺ ബോക്‌സിൽ നൽകുന്നുണ്ട്.



Content Highlights: During the launch of CMF Phone 2 Pro, CallMeShazzam made Carl Pei speak Malayalam Viral Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us