ഇല്ലുമിനാറ്റിയല്ല, ഇത് എന്റെ അഹങ്കാരി,താന്തോന്നി,തന്റേടി ഭര്‍ത്താവ്; സുപ്രിയ മേനോന്‍

'അന്ന് പൃഥ്വി തന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ കളിയാക്കിയവരോടെല്ലാം ഒന്നേ പറയാനുള്ളു, 'ആളറിഞ്ഞു കളിക്കടാ''

dot image

പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാന്‍റെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഒരു ഗംഭീര ആശംസാ കുറിപ്പുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ജീവിതപങ്കാളിയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. എമ്പുരാന്‍ സൃഷ്ടിക്കാനായി പൃഥ്വിരാജ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിസല്‍ട്ട് എന്തായാലും എന്നും താന്‍ കൂടെയുണ്ടാകുമെന്ന് സുപ്രിയ കുറിച്ചു.

2006ല്‍ കണ്ട നാള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്നാണ് പൃഥ്വി പറയാറുള്ളത്. അന്ന് അതിനെ കളിയാക്കിയവര്‍ ഏറെയാണെന്നും എന്നാല്‍ ഇന്ന് അതിനെല്ലാം പൃഥ്വി മറുപടി നല്‍കുകയാണെന്നും സുപ്രിയ കുറിച്ചു. 'പൃഥ്വി, നിങ്ങള്‍ ഇല്ലുമിനാറ്റിയൊന്നുമല്ല. എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭര്‍ത്താവാണ്. അന്ന് നിന്റെ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ്. അവരോടൊക്കെ ഒന്നേ പറയാനുള്ളു, ആളറിഞ്ഞു കളിക്കടാ,' സുപ്രിയ പറയുന്നു.

എമ്പുരാന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷനും ലൊക്കേഷന്‍ കണ്ടെത്തുന്നതിനും വിവിധ നാടുകളില്‍ പോയി ഷൂട്ട് ചെയ്യുന്നതിനും സിനിമാ ടീം ഏറെ കഷ്ടപ്പെട്ടെന്നും സുപ്രിയ പറഞ്ഞു. ഇതിനിടയില്‍ കാലാവസ്ഥയിലെ പ്രശ്‌നങ്ങളും അലട്ടി. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ഏറ്റവും ഗംഭീരമായി രീതിയില്‍ തന്നെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം പൂര്‍ത്തിയാക്കാന്‍ എമ്പുരാന്‍ ടീമിന് സാധിച്ചു. അതില്‍ സിനിമയിലെ എല്ലാവര്‍ക്കും പങ്കുണ്ടെങ്കിലും ഇവയെല്ലാം സാധ്യമാക്കിയത് പൃഥ്വിരാജിന്റെ വിഷനും നേതൃപാടവവുമാണെന്നും സുപ്രിയ പറഞ്ഞു. എമ്പുരാന്‍ ലൊക്കേഷനിലെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് എമ്പുരാന്‍ തിയേറ്റുകളിലേക്ക് എത്തുന്നത്. അഡ്വാന്‍സ് സെയിലിലൂടെ 50 കോടി ക്ലബിലെത്തിയ ചിത്രം ഓപണിങ് ഡേയില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷനും നേടിയിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Content Highlights: Supriya Menon's post about Prithviraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us