
എമ്പുരാന് സിനിമ തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വില്ലനെയും കാമിയോ റോളുകളെയും ഊഹിച്ച് കണ്ടെത്താനുള്ള തത്രപ്പാടിലാണ് ആരാധകര്‍. മോളിവുഡും കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് വരെ ആരാധകരുടെ ഊഹം എത്തുന്നുണ്ട്.
എന്നാല്‍ ഇതിനിടെ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്ന പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മരണമാസ് സിനിമാ ടീം. എമ്പുരാനിലെ വില്ലനെന്ന് കരുതപ്പെടുന്ന ഡ്രാഗണ്‍ ചിഹ്നമുള്ള ഷര്‍ട്ടിട്ട കഥാപാത്രം പിന്‍തിരിഞ്ഞുനില്‍ക്കുന്ന പോസ്റ്ററിന് സമാനമായ പോസ്റ്ററാണ് മരണമാസ് ടീം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിലെ നായകനായ ബേസിലിന്റെ കഥാപാത്രമാണ് ഈ പോസ്റ്ററില്‍ തിരിഞ്ഞുനില്‍ക്കുന്നത്. എമ്പുരാന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മരണമാസ് ടീമിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
നേരത്തെ എമ്പുരാനിലെ ഡ്രാഗണ്‍ ഷര്‍ട്ടുകാരന്‍ ബേസിലാണോ എന്ന് ഒരു അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ താനാണെങ്കില്‍ എന്തിനാണ് തിരിച്ചുനിര്‍ത്തുന്നത് നേരെ നിര്‍ത്തിയാല്‍ പോരെ എന്ന് ബേസില്‍ മറുപടി നല്‍കിയത് വൈറലായിരുന്നു. ഈ തഗ് മറുപടിയും പുതിയ പോസ്റ്ററിന് കീഴെ ആളുകള്‍ കമന്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
എമ്പുരാനില്‍ ജതിന്‍ രാംദാസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ് മരണമാസിന്റെ നിര്‍മാതാവ് കൂടിയാണ്. രണ്ട് പടങ്ങളും ചേര്‍ത്തുവെച്ചുള്ള പോസ്റ്റര്‍ ഇറക്കാനുള്ള ടൊവിനോയുടെ ഐഡിയ കലക്കി എന്ന് അഭിനന്ദിക്കുന്നവരുമുണ്ട്.
അതേസമയം, മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോസ് തുടങ്ങുന്നത്. അഡ്വാന്‍സ് സെയില്‍സിലൂടെ 50 കോടി നേടി ചരിത്രം കുറിച്ചാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Content Highlights: Empuraan like poster of Basil's Maranamass movie goes viral