
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഏപ്രിൽ 17ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. നേരത്തെ സിനിമയ്ക്കെതിരെ പി.കെ അനീഷ് എന്നയാൾ പരാതിയുമായി രംഗത്ത് വരികയും എറണാകുളം ജില്ലാ കോടതി ചിത്രത്തിന്റെ റിലീസ് തടയുകയും ചെയ്തിരുന്നു.
സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു ഇയാളുടെ പരാതി. സിനിമയുടെ നിർമാതാവായ നൈസാം സലീം കോടതിയെ സമീപിച്ചതിന് പിന്നാലെ, റിലീസ് തടഞ്ഞുകൊണ്ടുള്ള സ്റ്റേ കോടതി പിൻവലിക്കുകയായിരുന്നു.
പിന്നീട് ചിത്രത്തിലെ പാട്ടും ട്രെയിലറുമെല്ലാം പുറത്തുവന്നിരുന്നു. എന്നാൽ വീണ്ടും റിലീസ് നീട്ടിവെച്ചതോടെ സിനിമയെ കുറിച്ച് പല അഭ്യൂഹങ്ങളും ശക്തമായി. ഇപ്പോൾ സിനിമയുടെ റിലീസ് വൈകുന്നത് എന്തുകൊണ്ടാണ് എന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിആർഒ പ്രതീഷ് ശേഖർ.
പരാതിക്കാരൻ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഇയാളുടെ ആരോപണങ്ങൾ വ്യാജമാണെന്നും പ്രതീഷ് ശേഖർ പറയുന്നു. ആഭ്യന്തര കുറ്റവാളിയുടെ നിർമാതാവായ നൈസാം സലീം ഇയാളിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിനിമയെ കുറിച്ച് പ്രതീഷ് സംസാരിച്ചത്.
'കൃത്യമായ ധാരണപത്രം ഒപ്പിട്ടതിന് ശേഷമാണ് നൈസാം സലീം എന്ന വ്യക്തി അദ്ദേഹത്തിന്റെ ബാനറിൽ ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഈ ചിത്രത്തിനെതിരെ കോടതിയിൽ പോയിരിക്കുന്ന വ്യക്തിയിൽ നിന്നും ഒരു ചായ പോലും വാങ്ങികുടിച്ചിട്ടില്ലെന്നാണ് നൈസാം സലീമിന്റെ വാക്കുകൾ.
പരാതിക്കാരൻ പണം വാങ്ങിക്കൊണ്ടുള്ള സെറ്റിൽമെന്റിന് ശ്രമിക്കുന്നുണ്ട്. പക്ഷെ നൈസാമിക്ക അതിന് തയ്യാറല്ല. ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ 'ആഭ്യന്തര കുറ്റവാളി' ആകില്ല എന്നാണ് അദ്ദേഹം പറയുന്നത്. സുപ്രീം കോടതിയിൽ പോയിട്ടാണെങ്കിലും സത്യം തെളിയിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിനൊപ്പം ഞാനും ഈ സിനിമയുടെ മുഴുവൻ ടീമും ഉണ്ട്,' പ്രതീഷ് ശേഖര് പറഞ്ഞു.
Content Highlights: Abhyanthara Kuttavali movie release issues, PRO clarifies with a video