ത്രിഭാഷയുടെ ഭാഗമായി തമിഴ്നാട്ടിൽ ഹിന്ദി വരുന്നു;'കരച്ചിൽ നിർത്തൂ, ഹിന്ദി പറയൂ', സോഷ്യൽമീഡിയയിൽ ഹാഷ്ടാഗ് യുദ്ധം

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുമോ അതോ വിഭജിക്കുമോ എന്ന നിലയിലുള്ള ചർച്ച കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ #StopHindiImposition V/S #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗ് യുദ്ധമാണ് ഇപ്പോൾ വൈറൽ

dot image

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി ത്രിഭാഷ പഠനത്തിൻ്റെ പേരിൽ തമിഴ്നാട്ടിൽ ഹിന്ദി ഉൾപ്പെടുത്താനുള്ള നീക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഹാഷ്ടാ​ഗ് യുദ്ധത്തിനും വഴിവെച്ചിരിക്കുകയാണ്. ത്രിഭാഷയുടെ ഭാ​ഗമായി ഹിന്ദി ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ തമിഴ്നാട് സർക്കാ‍ർ‌ രം​ഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ ഹാഷ്ടാ​ഗ് യുദ്ധത്തിന് വീര്യവും കൂടുതലാണ്. #StopHindiImposition എന്ന ഹാഷ്ടാ​ഗിന് എതിരെ പുതിയതായി ഉയർന്ന് വന്നിരിക്കുന്ന #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

ഹിന്ദി ത്രിഭാഷയുടെ ഭാ​ഗമായി ഉൾപ്പെടുത്താനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ് #StopHindiImposition എന്ന ഹാഷ്ടാ​ഗ് സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. XXXX എന്ന ഹാൻ‍ഡിലായിരുന്നു തുടക്കത്തിൽ #StopHindiImposition എന്ന ഹാഷ്ടാ​ഗ് പ്രധാനമായും പ്രചരിപ്പിച്ചത്. തമിഴ്നാട് ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാ​ഗ രാജൻ്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു #StopHindiImposition എന്ന ഹാഷ്ടാ​ഗ് പ്രത്യക്ഷപ്പെട്ടത്.

#StopCryingSpeakHindi എന്ന ഹാഷ്ടാ​ഗിനെ ഇന്ത്യയുടെ ഏകീകൃതഭാഷ എന്ന് പ്രമോർട്ടർമാർ വിശേഷിപ്പിച്ചതോടെ അതിൻ്റെ പ്രചാരത്തിന് ആക്കം കൂടി. ഏതൊരു ഹാഷ്‌ടാഗിലെയും പോലെ ശക്തമായ പിന്തുണയും നിരാകരണവും ഈ ഹാഷ്ടാ​ഗിനും ഉണ്ടായി. മീമുകൾ, ഡാറ്റാ ദൃശ്യവൽക്കരണം, ഹ്രസ്വ-ഫോം വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഈ ഹാഷ്‌ടാഗ് ഇപ്പോൾ വൈറലാകുന്നുണ്ട്.

സുരേഷ് പർമാർ എന്ന ഹാൻഡിലിൽ നിന്നാണ് #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗിന് ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉണ്ടായത്. തമിഴും തെലുങ്കും കന്നഡയും എല്ലാം മനോഹരമായ ഭാഷയാണ്. എന്നാൽ 1.3 ബില്യൺ ആളുകളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏകഭാഷ ഹിന്ദിയാണ് എന്ന കുറിപ്പോടെയാണ് #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗ് ഉപയോ​ഗിച്ച് സുരേഷ് പർമാർ എക്സിൽ അതിനെ പിന്തുണയ്ക്കുന്ന ഡാറ്റ പങ്കുവെച്ചത്. എത്ര ശതമാനം ആളുകൾക്ക് ഹിന്ദി സംസാരിക്കാൻ കഴിയും?’ എന്ന തലക്കെട്ടിലുള്ള ഒരു ഡാറ്റ ഗ്രാഫിക്സും ഈ കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിൽ 57 ശതമാനം ഇന്ത്യക്കാരും ഹിന്ദിയാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഭാഷകളായി സംസാരിക്കുന്നത് എന്നും ഈ ഡാറ്റാ​ഗ്രാഫിക്സ് സൂചിപ്പിക്കുന്നു.

വർ‌ഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഇന്ത്യ കോളോണിയൽ സ്വാധീനത്തിനെതിരെ മുന്നേറുകയാണ്. ഹിന്ദിയെ അതിനുള്ള യഥാർത്ഥ ദേശീയ മാധ്യമമായി ഉൾക്കൊണ്ടു എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇം​ഗ്ലീഷ് ഭാഷ അടിച്ചേൽപ്പിച്ചത് ബ്രിട്ടീഷുകാരാണ്, പക്ഷെ ഹിന്ദി നമ്മുടേതാണ്. എന്തിനാണ് നമ്മുടെ സ്വത്വത്തിൽ നിന്നും നാണിച്ച് മാറി നിൽക്കുന്നത്. നമുക്ക് ഹിന്ദി സംസാരിക്കുന്നതിൽ അഭിമാനിക്കാം എന്നായിരുന്നു മറ്റൊരു പ്രൊഫൈലിൽ നിന്നുള്ള പ്രതികരണം. പ്രസിദ്ധ സാഹിത്യകാരനായ മാധവൻ നാരായണനും ഹിന്ദിയെ അനുകൂലിക്കുന്ന പോസ്റ്റ് #StopCryingSpeakHindi ഹാഷ്ടാ​ഗോടെ എക്സിൽ പങ്കുവെച്ചിരുന്നു. കരച്ചിൽ നിർത്തൂ, സത്യത്തെ അഭിമുഖീകരിക്കൂ എന്നായിരുന്നു മാധവൻ നാരായണൻ കുറിച്ചത്.

മീമുകൾക്കും വീഡിയോകൾക്കും പുറമെ ചില ബ്രാൻഡ‍ുകളും ഹിന്ദി ഏറ്റെടുത്തതായി അവകാശപ്പെടുന്നു. കൊക്കോകോള എന്നത് ദേവനാ​ഗിരി ലിപിയിൽ എഴുതിയതാണെന്ന് ഉദാഹരണ സഹിതം ഒരു ഉപയോക്താവ് #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗിൽ ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുമോ അതോ വിഭജിക്കുമോ എന്ന നിലയിലുള്ള ചർച്ച കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ #StopHindiImposition V/S #StopCryingSpeakHindi എന്ന ഹാഷ്ടാ​ഗ് യുദ്ധമാണ് ഇപ്പോൾ വൈറൽ.

Content Highlights: 'Stop crying speak Hindi' trends on social media as language battle continues

dot image
To advertise here,contact us
dot image