ഒടുവിൽ കുറ്റസമ്മതം നടത്തി, 'കങ്കുവ'യിലെ ശബ്ധത്തിൽ പ്രശ്നമുണ്ട്; പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് നിർമാതാവ്

നാല് ദിവസത്തിനുള്ളിൽ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി കങ്കുവ മാറും

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ സിനിമയിലെ അമിത ശബ്ദത്തെയും പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ കെഇ ജ്ഞാനവേൽ രാജ തന്നെ ഈ പരാതികളോട് പ്രതികരിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എല്ലാ എക്സിബിറ്റർമാരുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ സൗണ്ട് ലെവൽ രണ്ട് പോയിന്റ് കുറക്കാൻ ആവശ്യപ്പെട്ടെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാത്രി മുതലോ നാളെ രാവിലെയോ ആരംഭിക്കുന്ന ഷോകൾ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാകും പ്രദർശനം ആരംഭിക്കുന്നത് എന്നും കെഇ ജ്ഞാനവേൽ രാജ പറഞ്ഞു.

ചിത്രത്തിന്റെ ശബ്ദ മിശ്രണം അസഹനീയമാണെന്നും സിനിമ കണ്ടിറങ്ങിയപ്പോൾ പോലും തിയേറ്ററികത്തെ ശബ്ദം കൊണ്ടുണ്ടായ ബുദ്ധിമുട്ട് അവസാനിച്ചില്ലെന്നും ചില പ്രേക്ഷകർ പറഞ്ഞിരുന്നു. കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളിൽ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഇതിനെതിരെ പ്രതികരണവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ടെന്നും പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

അതേസമയം സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിർമാതാവ് കെഇ ജ്ഞാനവേൽ രാജ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. പല സിനിമകൾക്കും ആദ്യദിനത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാൽ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. നാല് ദിവസത്തിനുള്ളിൽ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി കങ്കുവ മാറുമെന്നും ജ്ഞാനവേൽ രാജ കൂട്ടിച്ചേർത്തു.

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: producer KE Gnanavel Raja responds to the sound complaints in Suriya film Kanguva

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us