വിടുതലൈക്ക് ശേഷമാണ് തന്റെ ജീവിതം മാറിയതെന്നും അതിൽ വെട്രിമാരനോട് ഒരുപാട് നന്ദിയുണ്ടെന്നും നടൻ സൂരി. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കവെയാണ് വെട്രിമാരൻ തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി സൂരി സംസാരിച്ചത്. 'വെട്രിമാരൻ എന്ന യൂണിവേഴ്സിറ്റിയിൽ വിടുതലൈ എന്ന പാഠം പഠിച്ചതിന് ശേഷമാണ് എന്റെ ജീവിതം മാറിയത്. മുൻപൊക്കെ പ്രേക്ഷകർ എന്റെ സിനിമകൾ കണ്ടിട്ട് ആ കോമഡി നന്നായിരുന്നു എന്നായിരുന്നു പറയുമായിരുന്നത്. അപ്പോഴൊക്കെ അതിന്റെ ക്രെഡിറ്റ് സംവിധായകന് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് നിങ്ങളൊരു നല്ല അഭിനേതാവായി മാറി എന്ന് ആളുകൾ പറയുന്നു, അതിന് കാരണം വെട്രിമാരനാണ്' എന്നും സൂരി പറഞ്ഞു.
'വിടുതലൈക്ക് ശേഷം സിനിമയെ ഞാൻ കാണുന്ന രീതി മാറി, സിനിമ എന്നെ കാണുന്ന രീതിയും മാറി എന്ന് ഞാൻ വിശ്വസിക്കുന്നു. വിടുതലൈ വഴി എനിക്ക് കിട്ടിയ ഗരുഡനും കൊട്ടുക്കാളിയും പ്രേക്ഷകർക്കിടയിൽ എനിക്ക് നല്ല പേരുണ്ടാക്കി തന്നു. കമൽ ഹാസൻ സാർ കൊട്ടുക്കാളി കണ്ട് നാല് പേജ് നോട്ട് എഴുതി നൽകി. അതിൽ ഒരിടത്തും സൂരിയെ കണ്ടില്ല പാണ്ട്യനെ മാത്രമാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിനെല്ലാം കാരണം വെട്രിമാരനാണ്', സൂരി പറഞ്ഞത്.
വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത പീരീഡ് ആക്ഷൻ പൊളിറ്റിക്കൽ ചിത്രമാണ് വിടുതലൈ. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും.
Content Highlights: Actor Soori talks about how his life changed after Vterimaaran film Viduthalai