വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി ബോക്സ് ഓഫീസിനെ തന്നെ വിറപ്പിച്ച ചിത്രമായിരുന്നു 'മഹാരാജ'. നടന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയ മഹാരാജ ഇപ്പോള്‍ ചൈന ബോക്‌സ് ഓഫീസിലും അതിശയകരമായ തുടക്കം കുറിക്കാനൊരുങ്ങുകയാണ്. ഈ മാസം 29 നാണ് ചൈനയിലെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. റിലീസിന് മുൻപായി സംഘടിപ്പിച്ച പ്രിവ്യൂ ഷോയിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
ചിത്രം കാണുന്ന പ്രേക്ഷകരുടെ റിയാക്ഷനുകൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ എക്സിൽ ഇപ്പോൾ വൈറലാകുകയാണ്. സിനിമ കണ്ട് പ്രേക്ഷകർ ഞെട്ടുന്നതും, കരയുന്നതും അത്ഭുതപ്പെടുന്നതെല്ലാം വീഡിയോയിൽ കാണാം. ചിത്രം ചൈനയിൽ നിന്ന് മികച്ച കളക്ഷൻ നേടുമെന്നാണ് ഇതോടെ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചൈനയിൽ ഏകദേശം 40,000 സ്‌ക്രീനുകളിലാണ് മഹാരാജ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.
#Maharaja 👑 Preview show Audience Reaction 🤩 in #China 🇨🇳
— Karthik Ravivarma (@Karthikravivarm) November 25, 2024
pic.twitter.com/DntG0Gz4Y7
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Will Maharaja cross Dangal and Baahubali at China boxoffice ?