'ചിത്ത' തന്നെ റീലോഞ്ച് ചെയ്ത ചിത്രമാണ് എന്ന് നടൻ സിദ്ധാർഥ്. ചിത്തക്ക് ശേഷം എങ്ങനെയുള്ള ഴോണറിൽ സിനിമകൾ ചെയ്യാൻ കഴിയും എന്നും ഏതു രീതിയിൽ സിനിമകൾ ചെയ്യുന്ന സംവിധായകർക്കാണ് തന്നെ ഒരു നടനായി തോന്നുക എന്നും മനസ്സിലായി. മുൻപത്തേക്കാൾ ബെറ്റർ റേഞ്ചിലുള്ള സിനിമകൾ തനിക്ക് വരാൻ തുടങ്ങിയെന്നും സിദ്ധാർഥ് പറഞ്ഞു. ചിത്തയ്ക്ക് മുൻപും ശേഷവും എന്ന വ്യത്യാസം തൻ്റെ കരിയറിൽ ഉണ്ടായിട്ടുണ്ടെന്ന് സിദ്ധാർത്ഥ് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ചിത്ത എന്ന സിനിമക്കായി ഞാൻ രണ്ടു വർഷത്തോളം മാറ്റിവെച്ചിരുന്നു. സബ്ജക്റ്റ് നോക്കുമ്പോൾ വളരെ സീരിയസായ സിനിമയാണ് അത്. ആ സിനിമയെ മാർക്കറ്റിലേക്ക് കൊണ്ടുപോയി അതിനെ വിജയിപ്പിച്ച് കിട്ടിയ വരവേൽപ്പ് മുഴുവനായി ഞാൻ ആസ്വദിച്ചു. ചിത്ത എനിക്കൊരു റീലോഞ്ച് ആയിരുന്നു. ചിത്തക്ക് ശേഷം എന്നെ വേറെ ഒരു രീതിയിൽ ആളുകൾ കാണാൻ തുടങ്ങി. ഇനി 3 മികച്ച സിനിമകളാണ് എന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്തയ്ക്ക് മുൻപും ശേഷവും എന്ന വ്യത്യാസം എന്റെ കരിയറിൽ തീർച്ചയായും ഉണ്ട്', സിദ്ധാർഥ് പറഞ്ഞു.
'പന്നൈയാറും പദ്മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിത്ത. സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ചിത്രത്തിലെ സിദ്ധാർത്ഥിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
Content Highlights: Chiththa was a relaunch for me says actor Siddharth