കയ്യിൽ കാപ്പില്ല, വോയിസ് ഓവറില്ല, ട്രാക്ക് മാറ്റി ജിവിഎം; കംബാക്ക് ആകുമോ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്

പതിവ് ഗൗതം മേനോൻ സിനിമകളുടെ സ്വഭാവത്തിൽ നിന്ന് മാറി അല്പം ഹ്യൂമർ കലര്‍ന്നാണ് ചിത്രത്തിന്‍റെ ടീസർ എത്തിയത്

dot image

വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളില്‍ നിന്ന് മാറി അല്പം ഹ്യൂമർ

സ്വഭാവത്തിലാണ് ടീസർ ഒരുങ്ങിയിരിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയയിൽ ഗൗതം മേനോൻ ആരാധകർക്കിടയിൽ ചര്‍ച്ചകളുയര്‍ത്തിയിരിക്കുന്നത്.

സാധാരണ ആക്ഷൻ റൊമാൻസ് ഴോണറിൽ ഒരുങ്ങുന്ന സിനിമകളാണ് ഗൗതം മേനോൻ ചെയ്യാറുള്ളത്. നിറയെ വോയിസ് ഓവറുകളും കളർഫുൾ വിഷ്വലുകളും മികച്ച ഗാനങ്ങളുമായി ഒരു ട്രെൻഡ് എല്ലാ ഗൗതം മേനോൻ സിനിമകളും പിന്തുടരാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ടീസർ. ആക്രമിക്കാൻ വരുന്ന ആളുകളെ എങ്ങനെ നേരിടണമെന്ന് ഒപ്പമുള്ള ഗോകുൽ സുരേഷിന്റെ കഥാപാത്രത്തോട് പറഞ്ഞു കൊടുക്കുന്ന മമ്മൂട്ടിയെയാണ് ടീസറിൽ കാണാനാകുന്നത്.

പതിവ് രീതിയിൽ നിന്ന് മാറി ഹ്യൂമർ ടച്ച് കൊണ്ടുവന്നിട്ടുള്ളതാണ് ഗൗതം മേനോൻ ട്രാക്ക് മാറ്റിയെന്നാണ് സംസാരങ്ങള്‍ തുടങ്ങാനുള്ള പ്രധാന കാരണം. സ്ഥിരമായി ഗൗതം മേനോൻ നായകന്മാരുടെ കയ്യിൽ കാണുന്ന 'കാപ്പ്' മമ്മൂട്ടിയുടെ കയ്യിൽ കാണാത്തതും ചർച്ചയായിട്ടുണ്ട്. എന്തായാലും കഴിഞ്ഞ കുറച്ച് നാളുകളായി മോശം സിനിമകളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന ഗൗതം മേനോന്റെ ഒരു വമ്പൻ തിരിച്ചുവരവാകും ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം, സിനിമയുടെ ടീസറിൽ ഗൗതം മേനോൻ ഒളിപ്പിച്ചുവെച്ച ഒരു ബ്രില്യന്റ് റഫറൻസ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ ഈ പുതിയ ടീസറിൽ ഇത് വ്യക്തമാക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. റോബർട്ട് ഡൗണി ജൂനിയർ നായകനായെത്തിയ ഷെർലക് ഹോംസ് എന്ന സിനിമയിലെ വളരെ പ്രശസ്തമായ ഫൈറ്റ് സീനിൽ കാണിക്കുന്ന അതേ കാര്യങ്ങളാണ് മമ്മൂട്ടി ടീസറിൽ പറയുന്നത്. ഈ ഷെർലക് ഹോംസ് റഫറൻസ് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ചിത്രം ജനുവരിയിൽ തിയേറ്ററിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

Content Highlights: Will Mammootty film Dominic and The Ladies Purse be a comeback for GVM?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us