ഇവിടെ ഗായകർ ഇല്ലാഞ്ഞിട്ടാണോ? എന്തിനാ മലയാളഭാഷയെ നശിപ്പിക്കുന്നത്?; ട്രോൾ ഏറ്റുവാങ്ങി ബേബി ജോണിലെ ഗാനം

കേരളത്തിന്റെ പശ്ചാത്തലത്തിൽ സെറ്റ് ചെയ്ത ഗാനത്തിൽ ഹിന്ദിക്കൊപ്പം മലയാളം വരികളും കടന്നുവരുന്നുണ്ട്.

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. എന്നാൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഈ ഗാനം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ സെറ്റ് ചെയ്ത ഗാനത്തിൽ ഹിന്ദിക്കൊപ്പം മലയാളം വരികളും കടന്നുവരുന്നുണ്ട്. 'കുട്ടനാടൻ പുഞ്ചയിലെ…' എന്ന് തുടങ്ങിയ മലയാളം ഭാഗം ഗാനത്തിൽ ഉടനീളം വരുന്നുണ്ട്. എന്നാൽ വളരെ മോശമായിട്ടാണ് ഗാനത്തിൽ മലയാള ഭാഷയെ അവതരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. മലയാളം വരികൾ പാടാനായി എന്തുകൊണ്ട് മലയാളി ഗായകരെ ഉപയോഗിക്കുന്നില്ലെന്നും മലയാള ഭാഷയെ ഇങ്ങനെ നശിപ്പിക്കരുതെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. വരുൺ ധവാന്റെ കഥാപാത്രവും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എടുത്തുകാണിക്കുന്ന തരത്തിലാണ് ഗാനം ആവിഷ്ക്കരിച്ചിരിക്കുന്നത്.

'പിക്ലി പോം' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും ബേബി റിയ സീപാനയും ചേർന്നാണ്. തമൻ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് ഇർഷാദ് കാമിൽ ആണ്. ഡിസംബർ 25 ന് ബേബി ജോൺ തിയേറ്ററിലെത്തും.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

നേരത്തെ രജനികാന്ത് ചിത്രമായ വേട്ടയ്യനിലെ 'മനസിലായോ' എന്ന ഗാനത്തിനും മലയാളം വരികളെ മോശമായി ഉപയോഗിച്ചതിന് പ്രേക്ഷകരിൽ നിന്ന് മോശം അഭിപ്രായം ലഭിച്ചിരുന്നു. എന്നാൽ ദേവി ശ്രീ പ്രസാദ് ഈണം നൽകി പുറത്തിറങ്ങിയ പുഷ്പ 2 യിലെ പീലിംഗ്സ് എന്ന ഗാനത്തിൽ മലയാളം ഉപയോഗിച്ചതിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഭാഷയെ വികൃതമാക്കാതെ മലയാളികളെ കൊണ്ടുതന്നെ വരികൾ എഴുതിച്ചതിനും പാടിച്ചതിനും ദേവി ശ്രീ പ്രസാദിനെ പ്രേക്ഷകർ പ്രശംസിച്ചിരുന്നു.

Content Highights: new song from Varun Dhawan film receives troll for not using malayalam properly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us