അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് റെക്കോർഡ് കളക്ഷനാണ് എല്ലായിടത്തും ലഭിക്കുന്നത്. 72 കോടിയാണ് ആദ്യ ദിനം നേടിയിരിക്കുന്നത്. ബോളിവുഡ് ചരിത്രത്തിലാദ്യമായാണ് ഓപ്പണിങ് ദിനം ഇത്രയും കളക്ഷൻ ഒരു സിനിമ നേടുന്നത്.
ഷാരൂഖ് ഖാൻ നായകനായ ജവാൻ ആയിരുന്നു ഹിന്ദി സിനിമയിൽ ഇതുവരെ ഫസ്റ്റ് ഡേ കളക്ഷനിൽ മുൻപിൽ. 65.5 കോടിയാണ് സിനിമ നേടിയിരുന്നത്. ഇതാണ് ഇപ്പോൾ പുഷ്പയുടെ ഹിന്ദി വേര്‍ഷന്‍ മറികടന്നിരിക്കുന്നത്. കേരളത്തിലും ഈ വർഷത്തെ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 6.35 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.
തെലുങ്ക് പതിപ്പിൽ 95.1 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആകെ മൊത്തം 175.1 കോടി രൂപയാണ് പുഷ്പ 2 നേടിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ, ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്. ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് യഥാക്രമം 133 കോടി, 121 കോടി, 116 കോടി എന്നിങ്ങനെയാണ് ആദ്യദിനത്തിൽ ലഭിച്ചത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Pushpa 2 creates record at kerala box office beating Jawaan