ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രദർശനം തുടരുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ. ഇതിനിടയിൽ സിനിമയുടെ ഹിന്ദി വേർഷന്റെ വ്യാജപതിപ്പ് യൂട്യൂബിൽ പ്രചരിച്ചിരിക്കുകയാണ്. മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബിൽ കണ്ടത്. എട്ട് മണിക്കൂർ മുൻപാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. ഈ വ്യാജപതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജപതിപ്പ് നീക്കം ചെയ്തു.
മികച്ച കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ നേടിയിരിക്കുന്നത്. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. ഇതിൽ ഭൂരിഭാഗം കളക്ഷനും സിനിമ നേടിയിരിക്കുന്നത് ഹിന്ദി വേർഷനിൽ നിന്നാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. ചിത്രം ഇന്നുതന്നെ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
കേരളത്തിൽ സിനിമക്ക് മോശം പ്രതികരണങ്ങൾ ആണ് ലഭിച്ചതെങ്കിലും 14 കോടി നേടാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഒരു തെലുങ്ക് ഡബ്ബ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ആറാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണിത്. ഒപ്പം അല്ലു അർജുന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. പുഷ്പ ആദ്യ ഭാഗം ഇവിടെ നിന്നും നേടിയ 11 കോടിയെയാണ് ഇതോടെ ഈ ചിത്രം മറികടന്നിരിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 6.35 കോടി ആണ് പുഷ്പ 2 നേടിയത്. ഇതോടെ ഈ വർഷത്തെ കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിനം കളക്ഷൻ പുഷ്പ നേടി. മമ്മൂട്ടി ചിത്രമായ ടർബോയെ മറികടന്നായിരുന്നു പുഷ്പയുടെ ഈ റെക്കോർഡ് നേട്ടം. 6.15 ആയിരുന്നു ടർബോയുടെ കളക്ഷൻ.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: Allu Arjun film Pushpa 2 hindi version leaked on Youtube