മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ് ഡൂംസ് ഡേ'. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടനാണ് റോബർട്ട് ഡൗണി ജൂനിയർ. അവഞ്ചേഴ്‌സ് ഡൂംസ് ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി റോബർട്ട് ഡൗണി തിരിച്ചെത്തുന്നു എന്ന വാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒപ്പം ക്രിസ് ഇവൻസും മാർവെലിലേക്ക് തിരിച്ചെത്തുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ് ഡേയിലേക്ക് എത്തുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ വരാനിരിക്കുന്ന സിനിമയായ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെപറ്റി മാർവെലിന്റെ പക്കൽ നിന്നും ഔദ്യോഗിക അന്നൗൺസ്‌മെന്റ് ഒന്നും വന്നിട്ടില്ല.
Confirmed Cast of Doomsday so far...#MarvelFansIndia #AvengersDoomsday pic.twitter.com/WxI8CYJR8C
— Marvel Fans India (@MarvelFansIN) December 11, 2024
ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്, തണ്ടർബോൾട്ടസ് എന്നിവയാണ് മാർവെലിന്റെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. ഫേസ് ഫൈവിന്റെ അവസാനത്തെ സിനിമകളാണ് ഇവ. 'ക്യാപ്റ്റൻ അമേരിക്ക' ഫിലിം സീരീസിലെ നാലാമത്തെ സിനിമയും, 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്. 2025 ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും. 2025 മെയ് 2 ന് തണ്ടർബോൾട്ടസ് പുറത്തിറങ്ങും.
Content Highlights: Avengers Dooms Day to have Robert Downey and Chris Evans back in cast