'ലേഡി സൂപ്പർസ്റ്റാർ' എന്ന ടൈറ്റിലിനെ തനിക്ക് ഭയമാണെന്നും അതിന്റെ പേരിൽ താൻ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നും നടി നയൻതാര. ആ ടൈറ്റിൽ കാർഡ് വയ്ക്കരുതെന്ന് കഴിഞ്ഞ അഞ്ചോ ആറോ വർഷമായി താൻ തന്റെ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതാണെന്നും നയൻതാര പറഞ്ഞു. ഒരു രാത്രി താൻ ആലോചിച്ചുണ്ടാക്കിയെടുത്ത ടൈറ്റിൽ അല്ല 'ലേഡി സൂപ്പർ സ്റ്റാർ'. സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും പ്രേക്ഷകരെ പറ്റിക്കാനാകില്ലെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞു.
'എന്റെ കരിയർ ഡിഫൈൻ ചെയ്യുന്ന ഒന്നല്ല ലേഡി സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ. ഒരു രാത്രി ഞാൻ ഉണ്ടാക്കിയെടുത്ത ടൈറ്റിൽ അല്ല അത്. ആളുകൾക്ക് എന്നോടുള്ള ഇഷ്ടവും സ്നേഹവുമാണ് ആ ടൈറ്റിലിൽ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുള്ളത്. പ്രേക്ഷകരെ നമുക്ക് ഒരിക്കലും പറ്റിക്കാനാകില്ല. എന്നെക്കാൾ മികച്ച അഭിനേതാക്കളും ഡാൻസേഴ്‌സും ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടും ആളുകൾക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാൻ ഇന്നിവിടെ ഇങ്ങനെ നിലനിൽക്കുന്നത്. അതുകൊണ്ട് ടൈറ്റിലിൽ വലിയ അർത്ഥമുണ്ടെന്ന് കരുതുന്നില്ല. സക്സസ്ഫുളായ ഒരു സ്ത്രീയെ കാണുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്താണെന്ന് ഞാൻ ആലോചിക്കാറുണ്ട്. അവർക്കുള്ള പ്രശ്നം എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. പക്ഷെ ഒരു പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്', നയൻതാര പറഞ്ഞു.
നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നടിയുടെ പ്രോജെക്ട്. നയൻതാരയുടെ കരിയറിന്റെ ആരംഭത്തിൽ തുടങ്ങി വിഘ്‌നേശ് ശിവനുമായുള്ള വിവാഹം വരെയുള്ള സംഭവങ്ങളാണ് ഡോക്യൂമെന്ററിയിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഡോക്യൂമെന്ററിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അമിത് കൃഷ്ണൻ ആയിരുന്നു ഡോക്യൂമെന്ററി സംവിധാനം ചെയ്തത്.
Content Highlights: I am scared of Lady Superstar title says nayanthara