മികച്ച പ്രകടനങ്ങൾ കൊണ്ട് എന്നും സിനിമാപ്രേമികളെ അതിശയിപ്പിക്കാറുള്ള നടനാണ് ചിയാൻ വിക്രം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല വിക്രമിന്. മോശം സിനിമകളും ബോക്സ് ഓഫീസിലെ പരാജയങ്ങളും വിക്രമിലെ അഭിനേതാവിന് വലിയ ക്ഷതമാണ് ഉണ്ടാക്കിയത്. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
മണ്ടേല, മാവീരൻ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മഡോൺ അശ്വിൻ. സംവിധായകനുമൊത്ത് വിക്രം കൈകോർക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിയാൻ 63 എന്ന ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രങ്ങൾ നിർമാതാക്കളായ ശാന്തി ടാക്കീസ് പുറത്തുവിട്ടു. അശ്വിന്റെ മുൻ ചിത്രമായ മാവീരൻ നിർമിച്ചതും ഇതേ നിർമാണ കമ്പനിയായിരുന്നു. 'നിങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി വിക്രം സർ'! എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ശാന്തി ടാക്കീസ് എക്സിൽ കുറിച്ചത്.
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും. നെറ്റ്ഫ്ലിക്സിലൂടെയാണ് മണ്ടേല പ്രദർശനത്തിനെത്തിയത്. ശിവകാർത്തികേയൻ നായകനായ മാവീരൻ 80 കോടിയോളമായിരുന്നു ബോക്സ് ഓഫീസിൽ നിന്നും നേടിയത്. എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിക്രം സിനിമ.
'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും കിടിലൻ പെർഫോമൻസുകൾ ടീസർ ഉറപ്പ് നൽകുന്നുണ്ട്. വീര ധീര സൂരനിലൂടെ വിക്രം ഒരു വലിയ കംബാക്ക് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ ടീസർ കൂടി എത്തിയതോടെ ആ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
Extremely happy to announce our Production No.3 with @chiyaan sir for #Chiyaan63 ! Thank you for letting us to be a part of your incredible journey sir!
— Shanthi Talkies (@ShanthiTalkies) December 13, 2024
It’s a pleasure to work with @madonneashwin for the second time! Looking forward to have yet another memorable experience!… pic.twitter.com/AUcq8VyWRb
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. ദുഷാര വിജയനാണ് നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് സിനിമയുടെ നിർമ്മാണം.
Content Highlights: Chiyaan Vikram to join hands with Maaveeran director for his next