നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാന്റസി ചിത്രമായിട്ടാണ് ബറോസ് എത്തുന്നത്. വലിയ ബഡ്ജറ്റിൽ 3D യിൽ ഒരുങ്ങുന്ന സിനിമയുടെ മലയാളം ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു അതിന് ലഭിച്ചത്. പല ഭാഷകളിലായി പുറത്തിറങ്ങുന്ന ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് നിർമാതാക്കൾ പുറത്തുവിട്ടത്. മുംബൈയിൽ നടന്ന ചടങ്ങിൽ വെച്ച് നടൻ അക്ഷയ് കുമാർ ആയിരുന്നു ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ അമിതാഭ് ബച്ചനുൾപ്പടെയുള്ള അഭിനേതാക്കൾ ബറോസിന് ആശംസകളുമായി എത്തിയിരിക്കുകയാണ്.
സിനിമയുടെ ട്രെയ്‌ലർ തന്റെ സോഷ്യൽ മീഡിയയിലൂടെ അമിതാഭ് ബച്ചൻ പങ്കുവെച്ചു. ബറോസിന് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും എന്നാണ് ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ കുറിച്ചത്. ബോളിവുഡ് താരങ്ങളായ ജോൺ അബ്രഹാമും ജാക്കി ഷ്‌റോഫും ട്രെയ്‌ലർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിട്ടുണ്ട്. 'ഞാൻ ആഴമായി ബഹുമാനിക്കുന്ന ഒരാൾക്ക്', എന്നായിരുന്നു ജോൺ അബ്രാമിന്റെ പോസ്റ്റ്. സിനിമയുടെ ഹിന്ദി ട്രൈലറിന്റെ ലിങ്കും നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു.
ബറോസ് ഒരു മികച്ച അനുഭവമായിരിക്കും എന്നും ബറോസ് മകൾക്കൊപ്പം തിയേറ്ററിൽ പോയി കാണുമെന്നുമാണ് അക്ഷയ് കുമാർ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
T 5221(i) - Mohanlal ji’s film Barroz .. he has Directed .. my wishes and prayershttps://t.co/G3NpyV85jP
— Amitabh Bachchan (@SrBachchan) December 11, 2024
സിനിമയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടു. ഇസബെല്ലാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയിൽ നിന്ന് പാടുന്ന മോഹൻലാലിൻറെ വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Amitabh Bachchan and John Abraham shares Barroz hindi trailer