ഒരു ദിവസത്തെ ചിലവ് തന്നെ 50- 60 ലക്ഷം, കാമറയും ജിബുമടക്കം എല്ലാം ലേറ്റസ്റ്റ്; എമ്പുരാൻ അപ്ഡേറ്റുമായി നന്ദു

ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

dot image

എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് നടൻ നന്ദു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാമറയും ജിബ്ബും ക്രെയിനുമടക്കം ഇന്ത്യയിൽ ലഭ്യമാകാവുന്ന എല്ലാ പുതിയ എക്വിപ്മെന്റ്‌സും ആണ് എമ്പുരാനിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് നന്ദു പറയുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ആദ്യ ഭാഗമായ ലൂസിഫറിനേക്കാൾ രണ്ടാം ഭാഗത്തിൽ കുറെയധികം ഉപകരണങ്ങളും ആളുകളും കൂടിയിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പറഞ്ഞത് ഇന്ന് ഇന്ത്യയിൽ ലഭ്യമാകാവുന്ന എല്ലാ പുതിയ എക്വിപ്മെന്റ്‌സും എമ്പുരാനിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഗുജറാത്തിൽ ഷൂട്ട് ചെയ്യുമ്പോൾ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് കോസ്റ്റ് 50 - 60 ലക്ഷമാണ്. നമ്മുടെ ഇവിടെ ഇല്ലാത്ത ഇൻഡസ്ട്രിയൽ ക്രെയിൻ ഉണ്ട്. അതെല്ലാം ഒരേദിവസം അഞ്ചെണ്ണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഉയരത്തിൽ പോകുന്ന ജിബ്ബ്‌ പടത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം ബോംബെയിൽ നിന്ന് വരുത്തിയതാണ്. ഏറ്റവും പുതിയ കാമറ ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന് മാത്രം ദിവസ വാടക അഞ്ചും ആറും ലക്ഷമാണ്', നന്ദു പറഞ്ഞു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan will have latest equipments says actor Nandhu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us