'ബ്രഹ്‌മാണ്ഡം' കുറച്ച് കൂടിപ്പോയോ? ഗെയിം ചേഞ്ചറിലെ പാട്ടുകള്‍ക്ക് മാത്രം ഷങ്കര്‍ ചെലവിട്ടത് 100 കോടിയോളം!

ചിത്രത്തിലെ 'നാനാ ഹൈറാനാ' എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്.

dot image

ബ്രഹ്മാണ്ഡ സെറ്റുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകളുടെ സഹായത്താലും പ്രേക്ഷകരെ എന്നും ഞെട്ടിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കർ. അദ്ദേഹത്തിന്റെ സിനിമയിലെ ഗാനരംഗങ്ങളെല്ലാം ഇന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നവയാണ്. രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചർ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ പൊളിറ്റിക്കൽ ഴോണറിൽ ആണ് പുറത്തിറങ്ങുന്നത്. സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ ഗാനങ്ങൾ ചിത്രീകരിക്കാനായി ചിലവഴിച്ച തുകയുടെ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്. ഇൻഫ്രാ റെഡ് കാമറകൾ ഉപയോഗിച്ചാണ് ഈ ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്രാറെഡ് കാമറയുടെ ചെലവ്‌ വളരെ വലുതാണ്, ആദ്യമായി ഒരു സംവിധായകൻ ഒരു ഗാനത്തിനായി ഈ പ്രത്യേക കാമറ ഉപയോഗിച്ചു എന്ന ക്രെഡിറ്റും ഇതോടെ ശങ്കറിന്റെ പേരിലായി. ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്ന ജറുഗണ്ടി എന്ന ഗാനത്തിനും കോടികളാണ് ഷങ്കർ ചെലവാക്കിയത്. 13 കോടിയാണ് ഈ ഗാനത്തിനായി ഉപയോഗിച്ചത്. ഗാനത്തിലെ വിഷ്വലുകൾ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.

നാല് ഗാനങ്ങളാണ് ഇതുവരെ ഗെയിം ചേഞ്ചറിന്റെ ഭാഗമായി പുറത്തിറങ്ങിയത്. ഇതിൽ നാനാ ഹൈറാനാ എന്ന ഗാനം വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമക്ക് നല്ല രീതിയിൽ ഒരു ലിറിക് വീഡിയോ പോലും ചെയ്യാനാകില്ലേ എന്നാണ് പ്രേക്ഷകർ ചോദിച്ചത്. കല്യാണ വീഡിയോകളിൽ കാണുന്ന തരത്തിൽ ഉള്ള എഡിറ്റ് ആണെന്നും പിക്സ് ആർട്ട് തുടങ്ങിയ ആപ്പുകളിൽ എഡിറ്റ് ചെയ്തത് പോലെയാണ് ഗാനം ഉള്ളതെന്നും കമന്റുകൾ വന്നിരുന്നു.

ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക. കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: Shankar spent 92 crores for Game changer songs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us