അർജുൻ റെഡ്‌ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസിൽ ഇടംപിടിച്ച നടനാണ് വിജയ് ദേവരകൊണ്ട. എന്നാൽ കഴിഞ്ഞ കുറച്ച് വർഷമായി നടന് അത്ര നല്ല സമയമല്ല. മോശം സിനിമകളുടെ പേരിലും മോശം പ്രകടനങ്ങൾ കൊണ്ടും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയുടെ അടുത്ത സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവായ നാഗ വംശി.
വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നിർമാതാവായ നാഗ വംശി. ഞങ്ങൾ മനഃപൂർവം കഥയെ രണ്ടാക്കി തരംതിരിച്ചതല്ല. ആദ്യം മുതൽ സിനിമ രണ്ട് ഭാഗമുള്ള ഒരു ഫ്രാൻഞ്ചൈസി ആയിട്ടാണ് പ്ലാൻ ചെയ്തതെന്നും നാഗ വംശി പറഞ്ഞു. 'ആദ്യ ഭാഗം കാണുമ്പോൾ തന്നെ നിങ്ങൾ അതിൽ തൃപ്തരാകുകയും കഥ മനസിലാകുകയും ചെയ്യും. ഞങ്ങൾ ഒരു രണ്ടാം ഭാഗം ഉണ്ടാക്കിയില്ലെങ്കിലും നിങ്ങൾക്ക് ഒന്നും വിട്ടു പോയതായി തോന്നില്ല. രണ്ട് കഥകളും പൂർണ്ണവും വ്യത്യസ്തവുമാണ്', നാഗ വംശി പറഞ്ഞു.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഡി 12. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് 28ന് റിലീസാകും എന്നാണ് വിവരം.
Content Highlights: Vijay Deverakonda film VD 12 to release in two parts confirms producer