ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ഏറ്റവും ചിരിപ്പിച്ച വേഷങ്ങളിലൊന്നായിരുന്നു കിരണ്‍ പീതാംബരന്‍ അവതരിപ്പിച്ച സിനിമാനിര്‍മാതാവ് രാപ്പാടി.
ട്രെയ്‌ലറിലും സിനിമയിലും രാപ്പാടിയുടെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ക്ക് പൊട്ടിച്ചിരിയും കയ്യടിയും ഉയര്‍ന്നിരുന്നു. എഴുത്തുഭാഷയില്‍ മാത്രം കണ്ടുവരുന്ന വാക്കുകളെ തികച്ചും പ്രാദേശികമായ സ്ലാങ്ങില്‍ ഈ കഥാപാത്രം പറയുന്നതായിരുന്നു പ്രേക്ഷകരെ രസിപ്പിച്ചത്. 'വേട്ടമൃഗം നല്ല ഒന്നാന്തരം തീമാ…രക്തരൂഷിതമാ, അക്രമനിബിന്ധവും' എന്നതടക്കമുള്ള ഡയലോഗുകള്‍ ഹിറ്റായിരുന്നു. ഈ ഡയലോഗിനെയും കഥാപാത്രത്തിന്റെ മറ്റ് പ്രത്യേകതകളെയും കുറിച്ച് റിപ്പോര്‍ട്ടര്‍ലൈവിനോട് കിരണ്‍ പീതാംബരന്‍ സംസാരിച്ചു.
'ഡയലോഗിനെക്കുറിച്ച് ശ്യാം പുഷ്‌ക്കരന്‍ എന്നോട് പറയുമ്പോള്‍ അവര്‍ പറഞ്ഞ മീറ്റര്‍ ഞാന്‍ പിടിച്ചെന്നേ ഉള്ളു. ആ കഥാപാത്രത്തിന് ഒരു സ്‌റ്റൈല്‍ ഉണ്ട്. അദ്ദേഹത്തിന് എങ്ങനെയെങ്കിലും ആ താരത്തിനെ വേട്ടമൃഗം എന്ന സിനിമയിലേക്ക് കൊണ്ടുവരണം. അതിനായിട്ട് അയാളുടെ ഉമ്മയെ കണ്‍വിന്‍സ് ചെയ്യുമ്പോള്‍ ഉണ്ടാകേണ്ട ഒരു സ്‌റ്റൈലിനെ ആലോചിച്ചാണ് ഡയലോഗുകള്‍ പറഞ്ഞത്. കയ്യില്‍ കര്‍ചീഫ് പിടിച്ചിട്ടുള്ള അയാളുടെ സംസാരമൊക്കെ ശ്യാം പുഷ്‌കരന്റെ സജഷന്‍ ആയിരുന്നു. അങ്ങനെ പിടിച്ച് സംസാരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ആ ഡയലോഗ് മോഡുലേഷന്‍ ഒക്കെ അങ്ങനെ തന്നെ പറയണമെന്ന് അവര്‍ പറഞ്ഞുതന്നിരുന്നു.
കാസ്റ്റിംഗ് ഡയറക്ടര്‍ മിലിന്ദും അസ്സോസിയേറ്റ് ഡയറക്ടര്‍ ബിബിനുമാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. അങ്ങനെ റൈറ്റര്‍ സുഹാസിനെ ചെന്ന് കാണുമ്പോള്‍ ഈ കഥാപാത്രത്തിന്റെ ഏകദേശ രൂപം അന്ന് പറഞ്ഞിരുന്നു. പിന്നീട് ശ്യാം പുഷ്‌കരനും ആഷിഖ് അബുവുമായിട്ട് സംസാരിക്കുമ്പോഴാണ് ഈ കഥാപാത്രത്തിന്റെ ഡ്രസ്സ് കോഡും മറ്റും പറഞ്ഞു തരുന്നത്. നമ്മള്‍ കണ്ടിട്ടുള്ള കുറച്ച് ആളുകളുടെ ശൈലി ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അയാളുടെ സംസാരശൈലിയൊക്കെ നമുക്ക് പരിചയമുള്ള ആളുടെ ഓര്‍മയില്‍ നിന്ന് ചെയ്തതാണ്,' കിരണ്‍
പറഞ്ഞു.
കഥാപാത്രത്തിന്റെ സ്വീകാര്യതയെക്കുറിച്ച് ചിന്തിച്ചില്ലായിരുന്നുവെന്നും ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമായിരുന്നു റൈഫിള്‍ ക്ലബ്ബിലേതെന്നതും നടന്‍ പറഞ്ഞു. തിയേറ്ററില്‍ ചിരി ഉയര്‍ന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.
Content Highlights: Actor Kiran Peethambaran about Shyam Pushkaran and Rifle Club movie dialogue