ആസിഫ് അലിയുടെ കൂടെ ഒരുപാട് സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ രസമാണെന്ന് അനശ്വര രാജൻ. സെറ്റിൽ രണ്ട് മൂന്ന് തവണ മാത്രമേ ആസിഫിനെ കണ്ടിട്ടുള്ളൂവെങ്കിലും തനിക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വ്യക്തി കൂടിയാണ് ആസിഫെന്ന് അനശ്വര പറഞ്ഞു. രേഖാചിത്രം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മലയാളത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണറിലുള്ള ചിത്രമായാണ് രേഖാചിത്രം ഒരുങ്ങുന്നത്. ടീസറിൽ കണ്ട പോലെ പഴയ കാലഘട്ടത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ നടക്കുന്ന ഒരു കുറ്റവും അത് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് കഥ. എനിക്ക് ഒരുപാട് ഇഷ്ടമായ സ്ക്രിപ്റ്റാണിത്. ചിത്രീകരണ സമയത്തും ഒരുപാട് ആസ്വദിച്ചാണ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ ആസിഫ് അലിയുടെ കൂടെ അധികം സ്‌ക്രീൻ സ്പേസ് ഉണ്ടായിട്ടില്ല. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആക്ടർ ആണ് ആസിഫ് അലി. എല്ലാർക്കും ഇഷ്ടമുള്ള വ്യക്തി കൂടിയാണ് ആസിഫിക്കാ. നന്നായി പെർഫോം ചെയ്യുന്ന, സ്നേഹം തോന്നുന്ന വ്യക്തി കൂടെയാണ് അദ്ദേഹം. സെറ്റിൽ രണ്ട് മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളൂ, ആളുടെ പെർഫോമൻസ് നേരിട്ട് കാണാനും ഭയങ്കര രസമാണ്,' അനശ്വര പറഞ്ഞു.
Anaswara Rajan about #Rekhachithram and the man #AsifAli 🖤
— ELTON 🧢 (@elton_offl) January 3, 2025
JANUARY 9 RELEASE ❤️ pic.twitter.com/81Wlowc9wN
'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ട്രെയ്‌ലർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ആസിഫിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമായി രേഖാചിത്രം മാറുമെന്ന പ്രതീക്ഷ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. 2025 ജനുവരി ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Anaswara rajan about actor asif ali