വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ ചൈനയിലും റിലീസ് ചെയ്തിരുന്നു. നവംബർ 29ന് ചൈനയിൽ റിലീസ് ചെയ്ത സിനിമ അവിടെ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടിരിക്കുകയാണ്. 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയിൽ നിന്ന് നേടിയിരിക്കുന്നത്. സിനിമ ഉടൻ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് എംബസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മഹാരാജ മാറി.
സിനിമാ ടിക്കറ്റ് വിൽപ്പന പോർട്ടലായ മാവോയന്റെ റിപ്പോർട്ടനുസരിച്ച്, മഹാരാജ ആദ്യ ദിനത്തിൽ ചൈനയിലെ ബോക്‌സ് ഓഫീസിൽ നിന്നും ഏകദേശം 13.37 ദശലക്ഷം RMB (15.6 കോടി രൂപ) കളക്ഷൻ നേടിയിരുന്നു. ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Maharaja crossed 90 crores at chinese box office