രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്.
കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കുമുമ്പ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്ന് നേരത്തെ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം മെയ് ഒന്ന് തൊഴിലാളി ദിനത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അവധി ദിവസമായതിനാൽ തന്നെ ഓപ്പണിങ് ഡേ തന്നെ മികച്ച കളക്ഷന്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Rajinikanth reveals an update about his film Coolie