വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം ചിത്രം 40 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മോശം സിനിമകളുമായി പരാജയത്തിലായിരുന്ന വിശാലിന്റെ തിരിച്ചുവരവ് കൂടിയാണ് മദ ഗജ രാജ. ഇപ്പോഴിതാ കരിയറിൽ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിശാൽ. കൈനിറയെ സിനിമകളാണ് ഇനി വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
മമ്മൂട്ടി ചിത്രമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് ശേഷം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ വിശാലാണ് നായകനായി എത്തുന്നതെന്നാണ് പുതിയ വാർത്ത. മദ ഗജ രാജയുടെ വിജയാഘോഷ വേളയിൽ നടൻ വിശാൽ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഡിമോണ്ടെ കോളനി എന്ന ചിത്രമൊരുക്കിയ അജയ് ജ്ഞാനമുത്തുവായും ഒരു വിശാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. സുന്ദർ സിയുമായി വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കാനുള്ള ആഗ്രഹവും വിശാൽ പ്രകടിപ്പിച്ചു. ഒപ്പം സുന്ദർ സി - വിശാൽ കൂട്ടുകെട്ടിൽ മുൻപിറങ്ങിയ ആമ്പള റീ റിലീസ് ചെയ്യുമെന്നും വിശാൽ പറഞ്ഞു.
'സുന്ദർ സിയ്ക്കൊപ്പം ഒരു സിനിമ വീണ്ടും ചെയ്യണമെന്ന് ഉണ്ട്. അദ്ദേഹം വിളിച്ചാൽ മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഞാൻ വരും. ഞാനും സുന്ദർ സിയും വിജയ് ആന്റണിയും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മദ ഗജ രാജ ഇത്രയും വലിയ വിജയമായതിനാൽ ആമ്പള ഞങ്ങൾ റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്', വിശാൽ പറഞ്ഞു.
12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്. മദ ഗജ രാജയിലെ സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.
Content Highlights: Vishal to join hands with GVM and Ajay Gnanamuthu