സോഷ്യൽ മീഡിയ ഭരിക്കാൻ അടുത്ത ഗാനമെത്തി; കാട്ച്ചി സേര, ആസ കൂടയ്ക്ക് ശേഷം 'സിത്തിര പുത്തിരി'യുമായി സായ് അഭ്യങ്കർ

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സൂര്യ 45'ൻ്റെയും സംഗീതം നിർവഹിക്കുന്നത് സായ് അഭ്യങ്കർ ആണ്

dot image

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനുമാണ് സായ് അഭ്യങ്കർ. ഇരു ഗാനങ്ങളും യൂട്യൂബിൽ 100 മില്യൺ വ്യൂസിന് മേലെ സ്വന്തമാക്കുകയും സോഷ്യൽ മീഡിയയിലാകെ ട്രെൻഡ് ആകുകയും ചെയ്തിരുന്നു. ഇതോടെ വളരെ പെട്ടെന്നാണ് സായ് സെൻസേഷൻ ആയി മാറിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഗാനവുമായി വീണ്ടുമെത്തിയിരിക്കുകയാണ് സായ് അഭ്യങ്കർ. 'സിത്തിര പുത്തിരി' എന്നാരംഭിക്കുന്ന ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തിറക്കി.

ലക്കി ഭാസ്കർ, വിജയ് ചിത്രമായ ദി ഗോട്ട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മീനാക്ഷി ചൗധരിയാണ് ഗാനത്തിൽ സായ്‌ക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. തന്റെ മുൻ ഗാനങ്ങളായ 'കാട്ച്ചി സേര', 'ആസ കൂട' പോലെ വളരെ പെട്ടെന്ന് ഇഷ്ടപെടുന്ന തരത്തിൽ ഒരു ഫാസ്റ്റ് നമ്പർ ആണ് ഇത്തവണയും സായ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഗാനം ട്രെൻഡിങ് ആയി. മികച്ച പ്രതികരണമാണ് ഗാനത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ക്വാളിറ്റി ആണ് ഗാനത്തിനെന്നും ഇതിലൂടെ സായ് ഹാട്രിക്ക് ഹിറ്റ് നേടിയെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. 'കാട്ച്ചി സേര', 'ആസ കൂടാ' പോലെ ഇതും യൂട്യൂബിൽ തരംഗം തീർക്കുമെന്നാണ് പ്രതീക്ഷ.

ആൽബങ്ങൾ ചെയ്യുന്നതിനോടൊപ്പം ബിഗ് സ്‌ക്രീനിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സായ് അഭ്യങ്കർ. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകനാകുന്ന 'ബെൻസ്' എന്ന സിനിമയിലൂടെയാണ് സായ് അഭ്യങ്കർ തമിഴ് സിനിമയിലേക്ക് കടന്നുവരാൻ ഒരുങ്ങുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ബെൻസ് ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്‌ വീഡിയോ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു വീഡിയോക്കും ചിത്രത്തിന്റെ തീം മ്യൂസിക്കിനും ലഭിച്ചത്. പാഷൻ സ്റ്റുഡിയോ, ദി റൂട്ട്, ജി സ്ക്വാഡ് എന്നിവയ്ക്ക് കീഴിൽ സുധൻ സുന്ദ്രനം, ലോകേഷ് കനകരാജ്, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സൂര്യ 45'ലും സംഗീതം നിർവഹിക്കുന്നത് സായ് അഭ്യങ്കർ ആണ്. എആർ റഹ്മാൻ ആയിരുന്നു ആദ്യം സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കാനിരുന്നത് എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറുകയായിരുന്നു. തുടർന്നാണ് സായ് ഈ സിനിമയിലേക്ക് എത്തുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ലവ് ടുഡേ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഡ്രാഗൺ, എൽഐകെ എന്നീ സിനിമകൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് സായ് അഭ്യങ്കറാണ്. മമിതാ ബൈജു നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്കരയുടെ അസിസ്റ്റന്റ് ആയിരുന്ന കീർത്തിശ്വരൻ ആണ്.

Content Highlights: Sai Abhyankkar shares new song titled Sithira Puthiri 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us