![search icon](https://www.reporterlive.com/assets/images/icons/search.png)
തുല്യവേതനത്തെക്കുറിച്ച് സംസാരിക്കണമെങ്കിൽ തുല്യമായ അവസരങ്ങൾ ലഭിക്കണമെന്ന് നടി പാർവതി തിരുവോത്ത്. തനിക്ക് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടു വരാനുള്ള മാർക്കറ്റുണ്ടെന്ന് സ്വയം തെളിയിക്കാൻ ഒരു അവസരം കിട്ടാതെ എങ്ങനെയാണ് മറ്റേയാൾക്ക് കിട്ടുന്ന അതേ വേതനം തനിക്കും കിട്ടണം എന്ന് പറയുകയെന്നും പാർവതി ചോദിക്കുന്നു. നമുക്ക് ഒരു നയൻതാര മാത്രമാണ് ഉള്ളത്. ഇന്ന് കാണുന്ന മാർക്കറ്റ് വാല്യു ഉണ്ടാക്കി എടുക്കാൻ അവർക്ക് വർഷങ്ങൾ വേണ്ടി വന്നു പക്ഷെ ഇന്നും അവർ ഫൈറ്റ് ചെയ്യുകയാണെന്നും പാർവതി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'നമ്മുടെ അവസരങ്ങൾ അന്യായമായി ഇല്ലാതെയാകുമ്പോൾ എങ്ങനെയാണ് നമുക്ക് തുല്യവേതനത്തെക്കുറിച്ച് ന്യായമായ ഒരു സംഭാഷണം നടത്താൻ സാധിക്കുന്നത്. ഞാൻ ഒരു മോശം ആക്ടർ ആണെങ്കിൽ എനിക്ക് മനസ്സിലാകും എനിക്ക് എന്തുകൊണ്ട് അവസരങ്ങൾ കിട്ടുന്നില്ല എന്ന്. പക്ഷേ എനിക്ക് പരിമിതമായ സിനിമകൾ മാത്രം കിട്ടുകയും ഒപ്പം നിങ്ങൾക്ക് മാർക്കറ്റ് വാല്യു ഇല്ല എന്നവർ കുറ്റപ്പെടുത്തുകയും ചെയ്താലോ? എത്ര നയൻതാരമാർ നമുക്കുണ്ട്? ഒന്ന് മാത്രം മതിയോ നമുക്ക്? നിങ്ങൾ പറയുന്നത് ആ ഒരു ഒറ്റ വ്യക്തിയെ നോക്കി അവരെങ്കിലും ഉണ്ടല്ലോ എന്നു കരുതി ഞങ്ങൾ സന്തോഷിക്കണം എന്നാണോ? ഏതൊരു പുരുഷതാരവും ചെയ്യുന്ന അതേ ജോലി വർഷങ്ങളോളം ചെയ്തിട്ടും ഇപ്പോഴും അവർ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ശരിയല്ല. ഞങ്ങൾക്ക് വേണ്ടത് ആയിരക്കണക്കിന് നയൻതാരമാരെയാണ്. അതുകൊണ്ട് തന്നെ തുല്യവേതനത്തെക്കുറിച്ച് നമുക്ക് സംസാരിക്കണമെങ്കിൽ നിങ്ങൾക്ക് നയൻതാര ഇല്ലേ എന്ന തരത്തിലുള്ള പോയിന്റുകൾ ഉണ്ടാകാതിരിക്കുകയാണ് ആദ്യം വേണ്ടത്', പാർവതി പറഞ്ഞു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ആണ് അവസാനമായി തിയേറ്ററിലെത്തിയ പാർവതിയുടെ ചിത്രം. ഉർവശിയും സിനിമയിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പർവതിയുടെയും ഉർവ്വശിയുടെയും പ്രകടനങ്ങൾക്കും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ തങ്കലാനിലും പാർവതി ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Content Highlights: We need thousands of artists like Nayanthara says Parvathy