
സംവിധായകനെന്ന നിലയിൽ വളരെ പക്വതയുള്ളയുള്ള ആളാണ് ധനുഷെന്ന് നടൻ അരുൺ വിജയ്. ഇഡ്‌ലി കടൈയുടെ ഷൂട്ടിന്റെ ഒഴിവ് സമയങ്ങളിൽ അദ്ദേഹം സ്ക്രിപ്റ്റ് എഴുതുന്നത് താൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ഷൂട്ടിനിടെ ജി വി പ്രകാശ് കുമാറുമൊത്ത് കരവാനിൽ ഇരുന്നു ഒരു പാട്ട് കംപോസ് ചെയ്യുന്നതും താൻ കണ്ടിട്ടുണ്ടെന്ന് അരുൺ വിജയ് പറയുന്നു. രായൻ കണ്ടതിന് ശേഷം ധനുഷിൻ്റെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. ദൈവത്തിൻ്റെ അനുഗ്രഹത്താൽ തനിക്ക് അദ്ദേഹത്തോടൊപ്പം ഇഡ്‌ലി കടൈയിൽ വർക്ക് ചെയ്യാനായിയെന്നും അരുൺ വിജയ് പറഞ്ഞു. ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ നിലവുക്ക് എൻ മേൽ എന്നടി കോപത്തിന്റെ മ്യൂസിക് ലോഞ്ചിൽ വെച്ചായിരുന്നു അരുൺ വിജയ് ഇക്കാര്യം പറഞ്ഞത്.
'ഇഡ്‌ലി കടൈയുടെ ചിത്രീകരണത്തിനിടെ ധനുഷ് എനിക്ക് നിലവുക്ക് എൻ മേൽ എന്നടി കോപത്തിന്റെ ട്രെയ്‌ലർ കാണിച്ച് തന്നിരുന്നു. ഈ ചിത്രം തീർച്ചയായും യുവാക്കളുമായി കണക്ട് ആകുമെന്ന് ഞാൻ അന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ പറഞ്ഞത് പോലെ, ഇന്ന്, ട്രെയ്ലർ പുറത്തിറങ്ങിയതിന് ശേഷം, എല്ലാവരും അതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മൾട്ടിടാലന്റഡ് ആയ വ്യക്തിയാണ് ധനുഷ്. ഷൂട്ടിങ്ങിനിടയിൽ ഒരു ഷോട്ട് പൂർത്തിയാക്കിയതിന് ശേഷം ഒഴിവ് സമയത്ത് അദ്ദേഹം സ്ക്രിപ്റ്റ് എഴുതുന്നത് കാണാം. ഒരു ദിവസം പെട്ടെന്ന് അദ്ദേഹത്തിൻ്റെ കാരവാനിൽ സംഗീത സംവിധായകൻ ജി വി പ്രകാശിനെ ഞാൻ കണ്ടു. ജി വി പ്രകാശ് ഈണം പകർന്ന ഒരു ഗാനം ധനുഷ് അവിടെയിരുന്നു പാടുകയായിരുന്നു. ധനുഷിന് ജോലിയോടുള്ള അഭിനിവേശം കാണുന്നത് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്', അരുൺ വിജയ് പറഞ്ഞു.
റൊമാന്റിക് കോമഡി ഴോണറിൽ ഉൾപ്പെടുന്ന ചിത്രം ഫെബ്രുവരി 21 ന് തിയേറ്ററിലെത്തും. മികച്ച പ്രതികരണമാണ് സിനിമയുടെ ട്രെയിലറിന് ലഭിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Arun Vijay talks about dedication of Dhanush