
വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷത്തില്‍ എത്തി പ്രേക്ഷക പ്രിയങ്കരമായ ചിത്രമാണ് 96. ഒരു റൊമാന്റിക് ഡ്രാമ ചിത്രമായി എത്തിയ 96 ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച റാം, ജാനു എന്നീ കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ 96 ആദ്യം ഒരു ബോളിവുഡ് സിനിമ ആയിട്ടാണ് പ്ലാൻ ചെയ്തിരുന്നതെന്നും വിജയ് സേതുപതിക്ക് പകരം മറ്റൊരു ബോളിവുഡ് നടനെയാണ് ഉദ്ദേശിച്ചിരുന്നതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രേംകുമാർ.
അഭിഷേക് ബച്ചനെ ആയിരുന്നു സിനിമയിലെ റാം എന്ന കഥാപാത്രമായി ആദ്യം പ്ലാൻ ഇട്ടിരുന്നത് എന്നാൽ നിർഭാഗ്യവശാൽ തനിക്ക് അന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് പ്രേംകുമാർ പറഞ്ഞു. കൂടാതെ, ഹിന്ദി സിനിമയുമായി തനിക്കുള്ള സ്നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും പ്രേംകുമാര്‍ സംസാരിച്ചു. 'എനിക്ക് ഹിന്ദി നന്നായി അറിയാം, എന്‍റെ അച്ഛൻ വടക്കേ ഇന്ത്യയിലാണ് വളർന്നത്. അതുകൊണ്ട്, കുട്ടിക്കാലത്ത് ഞാൻ ഹിന്ദി സിനിമകളാണ് നിരന്തരം കണ്ടത്. നസറുദ്ദീൻ ഷാ ആണ് എന്‍റെ പ്രിയപ്പെട്ട നടൻ. ഞാൻ ഇപ്പോൾ ഒരു ഹിന്ദി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്', പ്രേംകുമാർ പറഞ്ഞു. സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിൽ ആണ് പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.
ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, തുടങ്ങിയവരും 96 ൽ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിരുന്നു. ചിത്രത്തിലെ ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ 'കാതലേ കാതലേ' എന്ന ഗാനം ഇന്നും പ്രേക്ഷക പ്രിയങ്കരമാണ്. 96 ന് ശേഷം കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മെയ്യഴകൻ എന്ന സിനിമയും പ്രേംകുമാർ സംവിധാനം ചെയ്തിരുന്നു. തിയേറ്ററിൽ വലിയ വിജയം കൈവരിക്കാൻ സാധിക്കാതെ പോയ സിനിമയ്ക്ക് ഒടിടി റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.
Content Highlights: Abhishek bachan was supposed to do ram role in 96 says director