'വെടക്കാക്കി തനിക്കാക്കുക'യാണ് സുരേഷ് കുമാർ ചെയ്തത്, ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണം; സാന്ദ്ര തോമസ്

നടനും എഎംഎംഎ മുൻ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് നൽകിയിരുന്നു

dot image

നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം നടന്ന ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്തത്. ഒപ്പം ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽബോഡിയിൽ ചർച്ച ചെയ്തതല്ലെന്നും 'വെടക്കാക്കി തനിക്കാക്കുക' എന്ന രീതിയാണ് അദ്ദേഹം നടത്തിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നടനും എഎംഎംഎ മുൻ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് നൽകിയിരുന്നു. ജയൻ ചേർത്തല നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശത്തിലാണ് കേസ് നൽകിയിരിക്കുന്നത്. ജയൻ ചേർത്തലയ്ക്ക് സംഘടന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടന സമീപിച്ചപ്പോൾ അമ്മ ഒരു കോടി നൽകിയെന്നാണ് ജയൻ ചേർത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന എഎംഎംഎയിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു. വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ പിൻവലിച്ച് ജയൻ ചേർത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ് എന്നാണ് ആന്റണി പറഞ്ഞത്. ഇതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് അനുചിതമായെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ മറുപടി നല്‍കിയിരുന്നു.

ഇതിൽ പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മുന്നോട്ട് വന്നിരുന്നു. ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് പ്രസ് മീറ്റിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. താൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ലിസ്റ്റിൻ പറഞ്ഞു. 'നാളെ മുതൽ എന്ന് പറയുന്നതാണ് ഒരു സമരം. ജൂൺ മുതൽ ആരംഭിക്കാൻ പോകുന്നൊരു സമരം എന്ന് പറയുമ്പോൾ അതിനിടയ്ക്ക് ഒരുപാട് ചർച്ചകൾ നടക്കും. എഎംഎംഎ ആയിട്ടും ഫെഫ്ക ആയിട്ടും ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടക്കും. ഞാൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ല. സമരം അല്ല എല്ലാത്തിനും പരിഹാരം. സമരത്തിന് മുൻപ് ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയവും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ല. ഞങ്ങളുടെ സംഘടനയിൽ ഒരു ഭിന്നതയുമില്ല', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Content Highlights: producer Sandra Thomas reacts to suresh kumar controversy

dot image
To advertise here,contact us
dot image