
സാന്യ മൽഹോത്ര നായികയായി എത്തിയ 'മിസിസ്' എന്ന ബോളിവുഡ് ചിത്രം നിരോധിക്കണമെന്ന് ആവശ്യവുമായി പുരുഷന്മാരുടെ സംഘടന. സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ (SIFF) എന്ന സംഘടനയാണ് ആവശ്യവുമായി രംഗത്തെത്തിയത്. പുരുഷ വിരുദ്ധമാണ് സിനിമയിലെ ഉള്ളടക്കമെന്നും പുരുഷന്മാരെ കൂട്ടത്തോടെ മോശമായി ചിത്രീകരിക്കുക എന്ന ഒറ്റ ഉദ്ദേശത്തോട് കൂടി നിർമിച്ചെടുത്തതാണ് സിനിമയെന്നാണ് സംഘടന പറയുന്നത്.
കുറച്ച് പച്ചക്കറി നുറുക്കുന്നതിനും ഗ്യാസിൽ ഭക്ഷണം പാകം ചെയ്യുന്നതിലും എന്ത് സ്‌ട്രെസ് ആണ് സ്ത്രീകൾക്ക് ഉണ്ടാകുന്നതെന്നും സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾക്കും പുരുഷന്മാരാണ് കാരണമെന്നുമാണ് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഒരു ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ടാ സിനിമയാണ് മിസിസ് എന്നും പുരുഷന്മാരെ കളിയാക്കുകയും മോശമായും ചിത്രീകരിക്കുന്ന എല്ലാത്തിനെയും എതിർക്കണമെന്നുമാണ് ഈ സംഘടന പറയുന്നത്.
വലിയ ചർച്ചയാണ് ഈ പോസ്റ്റിന് ശേഷം സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സിനിമയുടെ ശരിയായ ഉദ്ദേശം മനസിലാക്കാതെയാണ് ഇത്തരം തെറ്റായ വാദങ്ങൾ ഉന്നയിക്കുന്നതെന്നാണ് പലരും കുറിക്കുന്നത്. ഇത്തരം സംഘടനകളുടെ ഈ വികടവാദങ്ങളെ കൂടിയാണ് സിനിമ പൊളിച്ചു കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് അത് പുരുഷന്മാര്‍ക്കെതിരെയുള്ള ആക്രമണമാക്കി എടുക്കുന്നത് എന്നും ചോദ്യങ്ങളുയരുന്നുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് മിസിസ്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ പ്രകടനത്തിന് സാന്യ മൽഹോത്രക്ക് ലഭിക്കുന്നത്. ബോളിവുഡിലെ നെപ്പോ കിഡ്‌ഡുകൾ സാന്യയെ കണ്ടു പഠിക്കണമെന്നും സിനിമയിലെ അഭിനയത്തിന് സാന്യയ്ക്ക് നാഷണൽ അവാർഡ് നല്‍കണമെന്നുമാണ് പ്രേക്ഷകർ കുറിക്കുന്നത്.
സീ 5 വിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതിനോടകം തന്നെ സീ 5 ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി മിസിസ് മാറി. ആരതി കദവ് സംവിധാനം ചെയ്ത ‘മിസിസ്’ ജിയോ സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ ആണ് നിർമിച്ചിരിക്കുന്നത്. കൻവൽജിത് സിംഗ്, നിശാന്ത് ദാഹിയ, അപർണ ഘോഷാൽ, നിത്യ മോയൽ തുടങ്ങിയവരാണ് മിസിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹർമൻ ബവേജ, അനു സിംഗ് ചൗധരി എന്നിവർ ചേർന്നാണ് സിനിമയുടെ ഹിന്ദി പതിപ്പിന് തിരക്കഥ ഒരുക്കിയത്. ചിത്രം നേരത്തെ ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലും പ്രദർശിപ്പിച്ചിരുന്നു.
Content Highlights: Mens Assosiation demands boycott of hindi film Mrs