
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഷാഹി കബീറിന്റെ രചനയില്‍ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 20നാണ് തിയേറ്ററുകളിലെത്തിയത്.
ആദ്യ ഷോ മുതലെ മികച്ച പ്രതികരണം നേടിയ സിനിമയുടെ റിലീസ് ദിവസത്തെ കളക്ഷന്‍ 1.25 കോടിയായിരുന്നു. രണ്ടാം ദിവസം കളക്ഷന്‍ വര്‍ധിച്ചു. 1.75 കോടിയാണ് ചിത്രം ഈ ദിവസം നേടിയത്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ 3 കോടിയാണ് ചിത്രം ഇതുവരെ നേടിയിട്ടുള്ളത്. വീക്കെന്‍ഡില്‍ കളക്ഷന്‍ ഇനിയും വര്‍ധിക്കുമെന്നാണ് ട്രാക്ക് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
കളക്ഷനിലെ വര്‍ധനവും തിയേറ്ററിലെ തിരക്കും ഷോകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. പലയിടത്തും അഡീഷണല്‍ ഷോകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെ തിയേറ്ററുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകള്‍ അതിവേഗമാണ് ബുക്ക് ആകുന്നത്.
ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഴോണറില്‍ ഒരുങ്ങിയ സിനിമയില്‍ സിഐ ഹരിശങ്കര്‍ എന്ന കഥാപാത്രമായാണ് കുഞ്ചോക്കോ ബോബന്‍ എത്തുന്നത്. നടന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ഉയരുന്നത്. പ്രിയാമണി, ജഗദീഷ്, വിശാഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
Content Highlights: Officer On Duty collection report